തൊഴിൽ തീരം പദ്ധതിയിലൂടെ കേരളത്തിൻ്റെ തീര മേഖലയിൽ സാമ്പത്തിക മുന്നേറ്റമുണ്ടാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. അമ്പലപ്പുഴ മണ്ഡലത്തിൽ തീരദേശ റോഡിനായി ഫിഷറീസ് വകുപ്പ് ഭരണാനുമതി നൽകിയ തോട്ടപ്പള്ളി ഹാർബർ റോഡിൻ്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീരമേഖലയിലെ ഒരു വീട്ടിൽ ഒരാൾക്കു വീതമെങ്കിലും മത്സ്യബന്ധന ഇതര മേഖലകളിൽ തൊഴിൽ നൽകുകയാണ് സർക്കാർ ലക്ഷ്യം. ഇതിനായാണ് തൊഴിൽ തീരം പദ്ധതി ആവിഷ്കരിച്ചത്. ഇതിലൂടെ വലിയ ഉണർവും ഉന്മേഷവും കേരളത്തിൻ്റെ തീര മേഖലയിൽ ഉണ്ടാക്കാൻ കഴിയും. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് വിഴിഞ്ഞത്ത് ആരംഭിച്ച സീ ഫുഡ് റസ്റ്റോറൻറ്. വിദേശരാജ്യങ്ങളിലേക്ക് മത്സ്യ വിഭവങ്ങൾ കയറ്റി വിടുന്ന പദ്ധതിയും സർക്കാർ ആരംഭിച്ചു. ഇതിനോടകം മൂന്ന് കോടി രൂപയുടെ ഉത്പന്നങ്ങൾ സംസ്ഥാനത്തുനിന്നും ഫിഷറീസ് വകുപ്പിൻ്റെ നേതൃത്വത്തിൽ കയറ്റുമതി ചെയ്തു. മത്സ്യ ഉത്പാദന രംഗത്ത് ഇന്ത്യയിൽ തന്നെ രണ്ടാം സ്ഥാനത്ത് കേരളത്തെ എത്തിക്കാനായത് വലിയ നേട്ടമാണ്. ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്ന് മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിനുള്ള നിയമം സംസ്ഥാനത്ത് നടപ്പാക്കാൻ പോവുകയാണെന്നും മന്ത്രി പറഞ്ഞു.
മാറ്റങ്ങളുടെയും വികസന ക്ഷേമ പ്രവർത്തനങ്ങളുടെയും വേലിയേറ്റമാണ് കഴിഞ്ഞ ഏഴര വർഷമായി സംസ്ഥാനത്ത് ഉണ്ടായത്. 2021- ൽ രണ്ടാം പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 11 ജില്ലകളിലെ 71 നിയോജകമണ്ഡലങ്ങളിലായി 458 റോഡ് പ്രവർത്തികൾക്ക് 251 കോടി രൂപയുടെ ഭരണാനുമതി നൽകി. ഇതിൽ 192 റോഡുകൾ പൂർത്തീകരിക്കുകയും 142 പ്രവർത്തികൾ പൂർത്തീകരണ ഘട്ടത്തിലുമാണ്- മന്ത്രി പറഞ്ഞു.
പുറക്കാട് ഗ്രാമപഞ്ചായത്തിലെ ദേശീയ പാത മുതൽ തോട്ടപ്പള്ളി ഫിഷിംഗ് ഹാർബർ വരെയുള്ള റോഡാണ് 1.5 കോടി രൂപ ചെലവിൽ പുനർനിർമ്മിച്ചത്. എട്ട് ജില്ലകളിലായി പ്രവർത്തനം പൂർത്തീകരിച്ച 44 റോഡുകളുടെ ഉദ്ഘാടനവും ഇതോടൊപ്പം മന്ത്രി നിർവഹിച്ചു.
തോട്ടപ്പള്ളി ഹാർബർ റോഡിന് സമീപം നടന്ന സമ്മേളനത്തിൽ എച്ച്. സലാം എം.എൽ.എ. അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഷീബ രാകേഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ.എസ്. സുദർശനൻ, വൈസ് പ്രസിഡൻ്റ് വി.എസ്. മായാദേവി, സ്റ്റാൻ്റിങ് കമ്മിറ്റി അധ്യക്ഷരായ പ്രിയ അജേഷ്, കെ. രാജീവൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ആർ. രാജി, സതി രമേശ്, പഞ്ചായത്തംഗങ്ങളായ ആർ. സുനി, രാജേശ്വരി കൃഷ്ണൻ, കൺസ്യൂമർ ഫെഡ് ഡയറക്ടർ എ. ഓമനക്കുട്ടൻ, ഹാർബർ എഞ്ചിനീയറിങ് വകുപ്പ് ഓവർസിയർ രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.