കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് 2024 – 2025 ബജറ്റ് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ.അഷ്‌റഫ് അലിയാണ് ബജറ്റ് അവതരിപ്പിച്ചത്. ഉല്പാദനം, സേവനം, പശ്ചാത്തല വികസനം എന്നിങ്ങനെ മേഖലകളായി തിരിച്ചാണ് പദ്ധതികള്‍ക്ക് തുക വകയിരുത്തിയിരിക്കുന്നത്. തരിശിടങ്ങള്‍ കാര്‍ഷിക യോഗ്യമാക്കുന്നതിനും കാര്‍ഷിക മേഖലയില്‍ ആധുനിക രീതി അവലംബിക്കുന്നതിനും ജലസംരക്ഷണത്തിനുമായി 1,37,62891 രൂപ വകയിരുത്തി. നെല്‍ക്കൃഷിക്കും അനുബന്ധ മേഖലയ്ക്കും 25 ലക്ഷം രൂപയും എ.ബി.സി പദ്ധതി വിഹിതം 250000 രൂപയും വകയിരുത്തി.
ജനങ്ങള്‍ക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനായി 25 ലക്ഷം രൂപ, ഭവന പദ്ധതിക്കായി ലൈഫ്, പി.എം.എ.വൈ എന്നീ പദ്ധതികളില്‍ ഉള്‍പ്പെടുത്തുന്നതിന് 1,61,04000 രൂപ, സി.എച്ച്.സി, പി.എച്ച്.സി എന്നിവയുടെ ചികിത്സാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും പോഷകാഹാര അപര്യാപ്തത പരിഹരിക്കാനും 62,75200 രൂപ, ദ്രുതകര്‍മ്മ സേനയെ പരിശീലിപ്പിച്ച് എടുക്കുന്നതിനായി 4 ലക്ഷം രൂപ, മാലിന്യനിര്‍മ്മാജ്ജന പദ്ധതികള്‍ക്ക് 65 ലക്ഷം രൂപ, എസ്.സി – എസ്ടി. വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി 1,42,97000 രൂപ, വയോജനക്ഷേമ പരിപാലനത്തിനായി 7 ലക്ഷം രൂപ, മാനസിക – ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി സാമൂഹിക സുരക്ഷയ്ക്കും ജീവനോപാധിക്കുമായി 18 ലക്ഷം രൂപ എന്നിങ്ങനെയാണ് ബജറ്റിലെ വകയിരുത്തൽ.
യുവജനക്ഷേമ പ്രവര്‍ത്തനത്തിനും കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും 850000 രൂപ, ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള 2 സി.എച്ച്.സിയുടെയും ഹോമിയോ ആശുപത്രികളുടെയും അടിസ്ഥാനസൗകര്യ വികസനത്തിനായി 1,16,02000 രൂപ, മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിക്കായി 32 കോടി രൂപ, പൊതു കെട്ടിടങ്ങള്‍, പാലങ്ങള്‍, റോഡുകള്‍, പൊതു ഇടങ്ങളിലെ വൈദ്യുതീകരണം എന്നിങ്ങനെ പശ്ചാത്തല മേഖലയുടെ വികസനത്തിനായി 2,61,42000 രൂപ എന്നിവയാണ് ബജറ്റിലെ പ്രധാന വകയിരുത്തുലുകള്‍.
ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ബജറ്റ് അവതരണത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എ.സൈമ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഷ്‌റഫ് കര്‍ളെ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സക്കീന അബ്ദുള്ള ഹാജി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.എ.ഖദീജത്ത് സമീമ, അംഗങ്ങളായ ബദറുല്‍ മുനീര്‍, സി.എ.മുഹമ്മദ് ഹനീഫ, ജമീല അഹമ്മദ്, സുകുമാരന്‍ കുദ്രെപ്പാടി, കലാഭവന്‍ രാജു, സി.വി.ജെയിംസ്, വി.ജയന്തി എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വി.ബി.വിജു സ്വാഗതം പറഞ്ഞു.