നവകേരള സദസിന്റെ തുടര്‍ച്ചയെന്നോണം മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെബ്രുവരി 18ന് കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ വച്ച് നടത്തുന്ന മുഖാമുഖം പരിപാടിയില്‍ സംസ്ഥാനത്തെ സര്‍വകലാശാലകള്‍, മെഡിക്കല്‍ കോളേജുകള്‍, പ്രൊഫഷനല്‍ കോളേജുകള്‍, കേരള കലാമണ്ഡലം ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥി പ്രതിനിധികള്‍ പങ്കെടുക്കും.
പാഠ്യ, പാഠ്യേതര മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകള്‍, യൂണിയൻ ഭാരവാഹികള്‍ തുടങ്ങി 2000 വിദ്യാർത്ഥികളാണ് പങ്കെടുക്കുക.
രാവിലെ 9.30 മുതല്‍ ഉച്ച ഒരു മണി വരെ നടക്കുന്ന മുഖാമുഖത്തില്‍ മുഖ്യമന്ത്രിയെ കൂടാതെ ഉന്നതവിദ്യാഭ്യാസ മന്ത്രി, ആരോഗ്യ മന്ത്രി, ജില്ലയിലെ രണ്ട് മന്ത്രിമാര്‍, സര്‍വകലാശാല വി.സിമാര്‍, ഉന്നതവിദ്യാഭ്യാസ മേഖലയില്‍ നിന്നുള്ള പ്രഗല്‍ഭര്‍, ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, ജില്ലാ കലക്ടര്‍, കൊളീജ്യറ്റ് എജുക്കേഷന്‍ വകുപ്പ് മേധാവി, ടെക്‌നിക്കല്‍ എജുക്കേഷന്‍ ഡയരക്ടര്‍, ആരോഗ്യ വകുപ്പ് സെക്രട്ടറി തുടങ്ങിയവരും പങ്കെടുക്കും.
നവകേരള സൃഷ്ടിക്കായുള്ള വിദ്യാര്‍ഥികളുടെ ആശയങ്ങള്‍, ഉന്നതവിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങള്‍, പുതിയ മുന്നേറ്റങ്ങള്‍, വിദ്യാര്‍ഥികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ മുഖാമുഖത്തില്‍ ചര്‍ച്ച ചെയ്യും. വിദ്യാര്‍ഥികള്‍ക്ക് മുഖ്യമന്ത്രിയോട് നേരിട്ട് ചോദ്യങ്ങള്‍ ചോദിക്കാനും ആശയവിനിമയം നടത്താനുമുള്ള സംവിധാനവും ഒരുക്കും.
മുഖാമുഖത്തിന്റെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ് സംഘാടക സമിതിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്ന പ്രക്രിയ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ വഴി ഇതിനകം പൂര്‍ത്തിയായി. മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയിലായിരിക്കും മുഖാമുഖം.