നിശാഗന്ധി നൃത്തോത്സവം കേരളത്തിന്‍റെ മഹത്തായ സാംസ്കാരിക പ്രതിഭയുടെ മാതൃക: മന്ത്രി പി.എ. മുഹമ്മദ് റിയാസ്
കേരളത്തിന്‍റെ മഹത്തായ സാംസ്കാരിക പ്രതിഭയുടെ ഉദാത്ത മാതൃകകളാണ് നിശാഗന്ധി നൃത്തോത്സവം പോലുള്ള വേദികളെന്നു ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നിശാഗന്ധി നൃത്തോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രശസ്ത ഭരതനാട്യ നര്‍ത്തകിയും നൃത്ത സംവിധായികയും അധ്യാപികയുമായ പത്മശ്രീ ചിത്ര വിശ്വേശരന് നിശാഗന്ധി പുരസ്കാരം മന്ത്രി ചടങ്ങില്‍ സമര്‍പ്പിച്ചു.
കലയേയും കലാകാരന്മാരേയും സംരക്ഷിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നുണ്ടെന്നു മന്ത്രി ചൂണ്ടിക്കാട്ടി. അതു സര്‍ക്കാരിന്‍റെ പ്രധാന ഉത്തരവാദിത്തംകൂടിയാണ്. ലോകമാകെ ശ്രദ്ധിക്കുന്ന നിലയില്‍ ഓണാഘോഷം സംഘടിപ്പിക്കാന്‍ സര്‍ക്കാരിനു കഴിയുന്നുണ്ട്. എല്ലാ വര്‍ഷവും കേരളത്തിലേക്കു ലോകം വരാനുള്ള ഉത്സവമായി കേരളയീം മാറി.
ഓരോ ജില്ലകളിയായി മറ്റു നിരവധി ആഘോഷങ്ങളും ഉത്സവങ്ങളും സംഘടിപ്പിക്കുന്നു. ഇതിലൂടെ ആയിരക്കണക്കിനു കലാകാരന്മാര്‍ക്കാണു സര്‍ക്കാര്‍ വേദിയൊരുക്കുകയും അതുവഴി അവരുടെ ജീവിതത്തില്‍ സന്തോഷകരമായ അനുഭവം സ്വന്തമാക്കുന്നത്. ഇതിനു പുറമേ ടൂറിസം വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉത്തരവാദിത്ത ടൂറിസം മിഷനിലൂടെ പ്രാദേശിക കലാകാരന്മാര്‍ക്കു സ്ഥിരവരുമാനമൊരുക്കാന്‍ പ്രത്യേക പദ്ധതികളും നടപ്പാക്കുന്നുണ്ട്.
കലയേയും കലാകാരന്മാരെയും സംരക്ഷിക്കുന്ന സര്‍ക്കാര്‍ നയത്തിന്‍റെ ഭാഗമായി നിരവധി ടൂറിസം ഡെസ്റ്റിനേഷനുകളില്‍ സഞ്ചാരികള്‍ക്കായി കേരളത്തിന്‍റെ തനതു കലാരൂപങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. നാടിന്‍റെ സംസ്കാരത്തെയും തനതു കലകളേയും സംരക്ഷിച്ചുകൊണ്ട് നാടിന്‍റെ സുസ്ഥിര വികസനം സാധ്യമാക്കുകയാണു സര്‍ക്കാരിന്‍റെ ലക്ഷ്യം. നിശാഗന്ധി നൃത്തോത്സവം ലോകത്തെതന്നെ മികച്ച ഡാന്‍സ് ഫെസ്റ്റിവലായി മുന്നേറുകയാണ്. എല്ലാ നിലയിലും അനുഭവങ്ങള്‍ നല്‍കുന്ന ഒത്തുചേരലായി ഈ ഉത്സവം മാറുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി വി. ശിവന്‍കുട്ടി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മന്ത്രി ജി.ആര്‍. അനില്‍ മുഖ്യാതിഥിയായി. മേയര്‍ ആര്യ രാജേന്ദ്രന്‍, വി.കെ. പ്രശാന്ത് എം.എല്‍.എ, ടൂറിസം ഡയറക്ടര്‍ പി.ബി. നൂഹ് തുടങ്ങിയവര്‍ പങ്കെടുത്തു.