വരന്തരപ്പിള്ളി, മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് നിവാസികളുടെ ആശ്രയമായ മുപ്ലിയം ശുദ്ധജല പദ്ധതിയുടെ നവീകരിച്ച സ്ലോ സാന്റ് ഫില്‍റ്ററിന്റെയും ടാങ്കിന്റെയും ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. പുതുതായി 36 ലക്ഷത്തോളം ഭവനങ്ങളില്‍ ശുദ്ധജലം എത്തിക്കാന്‍ സാധിച്ചത് സര്‍ക്കാരിന്റെ ഭരണനേട്ടമാണെന്ന് മന്ത്രി പറഞ്ഞു. മുപ്ലിയം ശുദ്ധജല വിതരണ ടാങ്കിന് സമീപം നടന്ന പരിപാടിയില്‍ കെ കെ രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായി.

36 വര്‍ഷത്തില്‍പരം പഴക്കമുള്ള ശുദ്ധജലപദ്ധതിയാണിത്. പ്രതിദിനം 8 ലക്ഷം ലിറ്റര്‍ ശുദ്ധീകരണശേഷിയും ഒരു ലക്ഷം ലിറ്റര്‍ ശേഷിയുളള ഗ്രൗണ്ട് ലെവല്‍ ടാങ്കും ഉള്‍പ്പെടുന്നതാണ് മുപ്ലിയം പദ്ധതി. 2019-20 സ്റ്റേറ്റ് പ്ലാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപയും 2022-23 വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി 35 ലക്ഷം രൂപയുമാണ് നവീകരണത്തിനുവേണ്ടി വകയിരുത്തിയിരുന്നത്. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ 2, 10 വാര്‍ഡുകളിലേക്കും മറ്റത്തൂര്‍ പഞ്ചായത്തിലെ 2, 4, 5 വാര്‍ഡുകളിലേക്കും ശുദ്ധജലം വിതരണം നടത്തുന്ന പദ്ധതിയാണിത്.

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിന്‍സ് മുഖ്യാതിഥിയായി. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആര്‍ രഞ്ജിത്ത്, മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വീബി, കൊടകര ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, വരന്തരപ്പിള്ളി മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ പി എം സുമ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.