ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വിമുക്തഭട ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. വിമുക്ത ഭടന്മാരെ തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച സെമിനാര്‍ സംസ്ഥാന ജിഎസ്ടി ഡിപ്പാര്‍ട്ട്‌മെന്റ് ഡെപ്യൂട്ടി കമ്മീഷണര്‍ സിജു തോമസ് ഉദ്ഘാടനം ചെയ്തു.

വിമുക്തഭടന്മാരെ ആദരിക്കേണ്ടത് എല്ലാ രാജ്യങ്ങളുടെയും ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിമുക്ത ഭടന്മാരുടെ ക്ഷേമത്തിനായി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. അവയെക്കുറിച്ചു വ്യക്തമായ ധാരണ വേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.

കാക്കനാട് സൈനിക റസ്റ്റ് ഹൗസില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ സെമിനാറില്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ ലെഫ്. കേണല്‍ വി ജെ റീത്താമ്മ അധ്യക്ഷത വഹിച്ചു . വിമുക്തഭടന്മാരുടെ ഗ്രാന്റ്, പെന്‍ഷന്‍, ഡോക്യുമെന്റേഷന്‍, ക്ഷേമ പദ്ധതികള്‍ എന്നിവയെക്കുറിച്ച് അസി. ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ സി ഒ ബിജു , വെല്‍ഫെയര്‍ ഓര്‍ഗനൈസര്‍ ഷക്കീര്‍ ഓടക്കല്‍, സീനിയര്‍ ക്ലര്‍ക്ക് പ്രവീണ്‍ജി റായി, തുടങ്ങിയവര്‍ ക്ലാസ് നയിച്ചു . ഹെഡ് ക്ലര്‍ക്ക് പി അബ്ദുല്‍സലാം, വിമുക്തഭടന്മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.