വള്ളവും വലയും വിതരണം ചെയ്തു

മത്സ്യത്തൊഴിലാളി ക്ഷേമത്തിനായി വിവിധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി മുളവുകാട് ഗ്രാമപഞ്ചായത്ത്. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധന വള്ളവും വലയും മത്സ്യബന്ധനത്തിന് ആവശ്യമായ ഐസ് ബോക്‌സ്, തൊഴിലാളികളുടെ മക്കള്‍ക്ക് പഠിക്കുന്നതിന് മേശ, കസേര തുടങ്ങിയ ഉപകരണങ്ങള്‍ വിതരണം ചെയ്തു. പദ്ധതിയുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി എസ് അക്ബര്‍ നിര്‍വഹിച്ചു.

പഞ്ചായത്തിന്റെ ജനകീയാസൂത്രണം 2023- 24 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മത്സ്യത്തൊഴിലാളികള്‍ക്ക് വള്ളവും വലയും നല്‍കുന്നത്. പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ച എട്ട് പേര്‍ക്ക് 75 ശതമാനം സബ്‌സിഡിയിലാണ് പദ്ധതിയുടെ ഭാഗമായി ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നത്. 50 ശതമാനം സബ്‌സിഡിയിലാണ് ഐസ് ബോക്‌സ് വിതരണം ചെയ്യുന്നത്. പഠനോപകരണങ്ങള്‍ 100 ശതമാനം സബ്‌സിഡിയിലാണ് ഉറപ്പാക്കുന്നത്. കൂടാതെ ജനകീയാസൂത്രണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പ്രവര്‍ത്തനങ്ങളും പഞ്ചായത്തില്‍ നടപ്പിലാക്കി വരുന്നുണ്ട്.

മുളവുകാട് ഡോ. അംബേദ്കര്‍ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി ആര്‍ ജോണ്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസം സ്റ്റാന്‍ഡിങ് കമ്മിറ്റി ബ്ലോക്ക് മെമ്പര്‍ ഷെല്‍മ ഹൈസന്റ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സൈന ഓജി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ നിക്കോളാസ് ഡിക്കോത്, അസിസ്റ്റന്റ് സെക്രട്ടറി അജയ് ജോര്‍ജ്, ഫിഷറീസ് ഓഫീസര്‍ അളഗ ആര്‍ ബാബു, അക്വാ കള്‍ച്ചര്‍ പ്രമോട്ടര്‍ സാനി ഫ്രാന്‍സിസ്, മെമ്പര്‍മാരായ ബിന്ദു അനില്‍കുമാര്‍, അക്കുലിന്‍ ലോപ്പസ്, ലൈസ സേവിയര്‍, ലെക്‌സി ഫ്രാന്‍സിസ് തുടങ്ങിയവര്‍ സംസാരിച്ചു.