കൃഷിക്കൊപ്പം കളമശ്ശേരി സമഗ്ര കാര്‍ഷിക വികസന പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തുന്ന വാട്ടര്‍ മാപ്പിങ്ങിനോടനുബന്ധിച്ചുള്ള ഫീല്‍ഡ് വിസിറ്റ് മൂന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പൂര്‍ത്തിയാക്കി. മണ്ഡലത്തിലെ ആലങ്ങാട്, ഏലൂര്‍, കളമശ്ശേരി എന്നിവിടങ്ങളിലാണ് സമഗ്ര നീര്‍ത്തട വികസന പദ്ധതിയുടെ എസ്റ്റിമേഷന്‍ തയ്യാറാക്കുന്നതിനായി ഫീല്‍ഡ് വിസിറ്റ് നടത്തിയത്.

പഞ്ചായത്ത്/ മുന്‍സിപാലിറ്റി തലത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്കും ഏകോപനങ്ങള്‍ക്കും ശേഷമാണ് പ്രദേശത്തെ ജനപ്രതിനിധികള്‍, കര്‍ഷകര്‍, പാടശേഖരസമിതികള്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, കൃഷിക്കൊപ്പം കളമശ്ശേരി ഭാരവാഹികള്‍ തുടങ്ങിയവര്‍ ഫീല്‍ഡ് വിസിറ്റ് നടത്തിയത്. കുന്നുകര, കടുങ്ങല്ലൂര്‍, കരുമാല്ലൂര്‍ എന്നിവിടങ്ങളില്‍ വരും ദിവസങ്ങളില്‍ ഫീല്‍ഡ് വിസിറ്റ് നടക്കും. ജലവിഭവ വിതരണ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ജനകീയമാക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഏകദിന ശില്പശാല സംഘടിപ്പിച്ചിരുന്നു. കളമശ്ശേരി മണ്ഡലം എം.എല്‍.എയും വ്യവസായവകുപ്പ് മന്ത്രിയുമായ പി. രാജീവിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിവരുന്ന ‘കൃഷിക്കൊപ്പം കളമശ്ശേരി’ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.