സംസ്ഥാനത്ത് ഒന്നാസ്ഥാനം

സംസ്ഥാനത്തെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി വലിയപറമ്പ ഗ്രാമപഞ്ചായത്തിന് ലഭിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ജില്ലയില്‍ തന്നെ ആദ്യമായാണ് ഒരു ഗ്രാമ പഞ്ചായത്ത് സംസ്ഥാന തലത്തില്‍ സ്വരാജ് ട്രോഫി നേടുന്നത്. 50 ലക്ഷം രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റും 19ന് കൊല്ലത്ത് നടക്കുന്ന തദ്ദേശദിനാചരണ ചടങ്ങില്‍ മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങും.

വാര്‍ഷിക പദ്ധതി പ്രവര്‍ത്തനങ്ങള്‍, പൊതുഭരണം, സംരംഭക പ്രവര്‍ത്തന മികവ്, കേന്ദ്രവിഷ്‌കൃതപദ്ധതി പ്രവര്‍ത്തനങ്ങള്‍, മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ അടിസ്ഥാനമാക്കി പരിശോധന നടത്തിയാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. വലിയപറമ്പ പഞ്ചായത്തില്‍ ശുചിത്വ മേഖലയില്‍ എല്ലാ വീട്ടിലും സമ്പൂര്‍ണ്ണ സെപ്റ്റിക് ടാങ്ക് പദ്ധതി ആരംഭിച്ചു. സമ്പൂര്‍ണ്ണ സോക്കേജ് പിറ്റ് ആശയം ഇന്ത്യയില്‍ തന്നെ ആദ്യമായി നടപ്പാക്കിയതും വലിയപറമ്പിലാണ്.

സമ്പൂര്‍ണ്ണ മുട്ട ഗ്രാമം പദ്ധതിക്ക് തുടക്കമായി. എല്ലാ വാര്‍ഡിലും സ്ട്രീറ്റ് ലൈറ്റ് സ്ഥാപിച്ചു. 24 കിലോമീറ്റര്‍ കടല്‍ത്തീരത്ത് 75,000 കാറ്റാടിതൈകള്‍ സ്വന്തമായി നഴ്‌സറിയില്‍ ഉത്പാദിപ്പിച്ച് നട്ടുവളര്‍ത്തി. കയര്‍ ഭൂവസ്ത്രമുപയോഗിച്ച് 18 കിലോമീറ്റര്‍ നീളത്തില്‍ കടല്‍ഭിത്തി നിര്‍മ്മാണത്തിന് തുടക്കമായി. ആരോഗ്യ മേഖലയില്‍ കായകല്‍പം അവാര്‍ഡ് നേടിയത് അടക്കമുള്ള സേവനങ്ങള്‍, ഹരിത കര്‍മ്മ സേന വാതില്‍ പടി സേവനത്തിന്റെ ഭാഗമായി ഫീസ് 100 ശതമാനം പിരിച്ചു.

സംസ്ഥാനത്ത് ആദ്യമായി നാലാം തവണയും നികുതി പിരിവ് ആദ്യമായി പൂര്‍ത്തീകരിച്ചു. 44 വര്‍ഷത്തിനിടയില്‍ കഴിഞ്ഞവര്‍ഷം ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി ആദ്യമായി പഞ്ചായത്ത് നേടിയിരുന്നു. വി.വി.സജീവന്‍ പ്രസിഡണ്ടായ ഭരണസമിതിയുടെയും ജീവനക്കാരുടെയും അകമഴിഞ്ഞ പ്രവര്‍ത്തനങ്ങളാണ് പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. പുരസ്‌കാരം മികച്ച ജനകീയ കൂട്ടായ്മയുടെ നേട്ടമാണെന്ന് പ്രസിഡണ്ട് വി.വി.സജീവന്‍ പറഞ്ഞു.

പൊതു ഭരണം, സംരംഭ പ്രവര്‍ത്തനം, വാര്‍ഷിക പദ്ധതികള്‍, ദാരിദ്ര നിര്‍മ്മാര്‍ജ്ജനം, ശുചിത്വ ഹരിതാഭ ഗ്രാമം, സ്വയം പര്യാപ്ത അടിസ്ഥാന സൗകര്യം, സാമൂഹ്യ സുരക്ഷാ ഗ്രാമം, ജലസമൃദ്ധഗ്രാമം, ലിംഗ സമത്വ വികസനം, ജല സമൃദ്ധ ഗ്രാമം, ഗുണമേന്‍മയുള്ള വിദ്യാഭ്യാസം തുടങ്ങി വിവിധ മാനദണ്ഡങ്ങളാണ് മികച്ച ഗ്രാമപഞ്ചായത്തുകളുടെ മൂല്യ നിര്‍ണയത്തിനായി പരിഗണിച്ചത്.

സംസ്ഥാന തലത്തില്‍ മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടി കാസര്‍കോട് ജില്ലയിലെ വലിയപറമ്പ ഗ്രാമപഞ്ചായത്ത്. ആലപ്പുഴ ജില്ലയിലെ മുട്ടാര്‍, കോട്ടയം ജില്ലയിലെ മരങ്ങാട്ട്പള്ളി എന്നീ പഞ്ചായത്തുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നടി.