കുന്നംകുളം നഗരസഭയിലെ ചാട്ടുകുളം നവീകരണത്തിന്റെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിച്ചു. രണ്ട് വര്‍ഷം കൊണ്ട് ഗ്രാമീണ മേഖലയിലെ 70.85 ലക്ഷം കുടുംബങ്ങള്‍ക്ക് ശുദ്ധജലമെത്തിക്കുന്ന ബൃഹത്തായ പദ്ധതി പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാരിന് കഴിയുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. സര്‍വ്വതല സ്പര്‍ശിയായ വികസനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

2.69 കോടി രൂപ വിനിയോഗിച്ചാണ് ചാട്ടുകുളത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. എ.സി മൊയ്തീന്‍ എംഎല്‍എ ഇടപെട്ട് സംസ്ഥാന ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയ മണ്ഡലത്തിലെ മൂന്നു പ്രധാനപ്പെട്ട ജലസംരക്ഷണ പ്രവൃത്തികളിലെ ഒന്നാണ് ചാട്ടുകുളം നവീകരണം. ഗുരുവായൂര്‍ കുന്നംകുളം റോഡിനു വശത്തായി നാല് ഏക്കറോളം വിസ്തൃതിയിലാണ് വിശാലമായ ചാട്ടുകുളം സ്ഥിതി ചെയ്യുന്നത്. നവീകരണത്തിന്റെ ഭാഗമായി കുളത്തിന്റ ആഴംകൂട്ടി ചുറ്റും സംരക്ഷണ ഭിത്തികളും കുളത്തിലേക്ക് ഇറങ്ങുന്നതിനായി പടികളും നിര്‍മ്മിക്കും. കുളത്തിന്റെ എല്ലാ ഭാഗങ്ങളിലും കോണ്‍ക്രീറ്റ് ചെയ്ത് ടൈല്‍ വിരിച്ച് നടപ്പാതയും കുളത്തിന് ചുറ്റും കൈവരിയും നിര്‍മ്മിച്ച് മനോഹരമാക്കും. വൈകുന്നേരങ്ങളില്‍ നാട്ടുകാര്‍ക്ക് ഒത്തുകൂടാനുള്ള പൊതു ഇടമായി പ്രദേശത്തെ മാറ്റും.

ചാട്ടുകുളത്തിന്റെ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തികരിക്കുന്നതോടെ പ്രദേശത്തെ ജലലഭ്യത ഉറപ്പുവരുത്തുവാനും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും കഴിയും. വിനോദ സഞ്ചാരികള്‍ക്ക് നയന മനോഹരമായ കാഴ്ച സമ്മാനിക്കാനും സാധിക്കും. ജലസ്രോതസ്സിനെ സംരക്ഷിക്കുന്നതോടൊപ്പം പ്രദേശത്തെ ടൂറിസം വികസനത്തിന് വലിയൊരു പാത സൃഷ്ടിക്കുക കൂടിയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

എ.സി മൊയ്തീന്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ. എം.കെ സുദര്‍ശന്‍ എന്നിവര്‍ മുഖ്യതിഥികളായി. വൈസ് ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍, സ്ഥിരം സമിതി അധ്യക്ഷരായ പി.എം സുരേഷ്, ടി. സോമശേഖരന്‍, പ്രിയ സജീഷ്, സജിനി പ്രേമന്‍, പി.കെ ഷെബീര്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍, മൈനര്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സി.വി. സുരേഷ് ബാബു, ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.