ജില്ലയിൽ പ്രവർത്തിക്കുന്ന ക്വാറികൾ,ക്രഷറുകൾ,അനുബന്ധ സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനത്തെ സംബന്ധിച്ച് വിപുലമായി അന്വേഷിക്കുമെന്ന് ജില്ലാ കളക്ടർ ഡോ കെ വാസുകി പറഞ്ഞു. എൽ ആർ ഡെപ്യൂട്ടി കളക്ടർ വി വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക.
ആരോഗ്യം, റവന്യൂ,മൈനിംഗ് ആന്റ് ജിയോളജി,പഞ്ചായത്ത് തുടങ്ങി ബന്ധപ്പെട്ട വിവിധ വകുപ്പുകളിലെ ഉയർന്ന ഉദ്യോഗസ്ഥർ സംഘത്തിലുണ്ടാകും. ജലമലിനീകരണം, പാരിസ്ഥിതിക പ്രശ്‌നങ്ങൾ, പ്രദേശത്തെ ആരോഗ്യ പ്രശ്‌നങ്ങൾ എന്നിവയും അന്വേഷണ വിധേയമാക്കും. സി കെ ഹരീന്ദ്രൻ എം എൽ എയുടെ സാന്നിധ്യത്തിലാണ് വിവിധവകുപ്പ് ഉദ്യോഗസ്ഥൻമാരുടെ യോഗം കളക്ടറേറ്റിൽ ചേർന്നത്.
ജില്ലയിലെ ക്വാറികളിൽ ഇതിനോടകം 79 റെയിഡുഖൽ നടത്തുകയും അനധികൃതമായി പ്രവർത്തിച്ചുകൊണ്ടിരുന്നവയെല്ലാം അടച്ചു പൂട്ടുകയും ചെയ്തു. ക്വാറികളോടനുബന്ധിച്ചു പുറമ്പോക്ക് ഭൂമിയിൽ കയ്യേറ്റം നടത്തിയിട്ടുണ്ടോ എന്നത് സംബന്ധിച്ച് തഹസിൽദാർ സർവേ നടത്തി ഡിസംബർ 15ന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കുമെന്നും കളക്ടർ പറഞ്ഞു.
വളരെ ദാരുണമായ സംഭവമാണ് ഇപ്പോൾ നടന്നത്. ഇനി ഇതാവർത്തി ക്കാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കണമെന്ന് സി കെ ഹരീന്ദ്രൻ എം എൽ എ പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കൾക്ക് ഓരോ ലക്ഷം രൂപ വീതം നൽകി കഴിഞ്ഞു. സാധ്യമായ ഇടങ്ങളിൽ നിന്നെല്ലാം പണം കണ്ടെത്തി ദുരന്തബാധിതരെ സഹായിക്കും.
പെരിങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകണ്ഠൻ, കുന്നത്തുകാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അരുൺ, പെരിങ്കടവിള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുനിത, ജില്ലാ പോലീസ് മേധാവി (റൂറൽ) പി അശോക് കുമാർ, ഡെപ്യൂട്ടി കളക്ടർ (എൽ ആർ) വി വിനോദ്, വിവിധ വകുപ്പുദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.