ശ്രീലങ്കൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലും മറ്റ് വകുപ്പുകളിലുമുള്ള ഉന്നതോദ്യോഗസ്ഥരുടെ 30 അംഗ സംഘം ജില്ലാ ഭരണകൂടത്തിന്റെ പ്രവർത്തനങ്ങൾ നേരിൽ കണ്ടു മനസ്സിലാക്കുന്നതിന് കളക്ടറേറ്റ് സന്ദർശിച്ചു. സബ് കളക്ടർ ഡോ ദിവ്യ എസ് അയ്യരുമായി സംഘം കൂടിക്കാഴ്ച നടത്തി. റവന്യൂ വകുപ്പിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച് രണ്ടുമണിക്കൂറോളം അവർ സബ്കളക്ടറുമായി ആശയ വിനിമയം നടത്തി. ഐ എം ജിയിൽ ഒരാഴ്ചത്തെ ഔദ്യോഗിക പരിശീലനത്തിനെത്തിയതായിരുന്നു സംഘം. ഉന്നത ഉദ്യോഗരംഗങ്ങളിൽ ശ്രീലങ്കയെ അപേക്ഷിച്ച് കേരളത്തിൽ സ്ത്രീ പ്രാതിനിധ്യം കുറവാണെന്ന് ചൂണ്ടിക്കാട്ടിയ സംഘം ഓഫീസ് നിർവഹണത്തിൽ മെച്ചപ്പെട്ട പ്രവർത്തനമാണ് ഇവിടുത്തേതെന്ന് വിലയിരുത്തുകയും ചെയ്തു. സർക്കാരിന്റെ നവകേരള മിഷൻ ആശയങ്ങളും പദ്ധതി നിർവഹണ രീതിയും സബ്കളക്ടർ സംഘത്തോട് വിശദീകരിച്ചു. അനുകരണീയമായ വും മഹത്തരവുമായ പദ്ധതികളാണിതെന്ന് സംഘത്തലവൻ വിജേരത്തൻ അഭിപ്രായപ്പെട്ടു.