അടിസ്ഥാന സൗകര്യ വികസനവും അക്കാദമിക ഗുണമേന്മയും വർധിപ്പിക്കാനുള്ള ഇടപെടലുകളാണ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാർ നടത്തുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു.

കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ വിദ്യാർത്ഥികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ മുഖാമുഖം പരിപാടിയിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നവ കേരള സൃഷ്ടിയുടെ ഭാഗമായി കേരളത്തെ ഒരു നവ വൈജ്ഞാനിക സമൂഹമായി വാർത്തെടുക്കുക എന്ന ലക്ഷ്യവുമായി കേരള സമൂഹവും സർക്കാരും കൈകോർത്ത് മുന്നോട്ടു പോവുകയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയാണ് ഈ മഹാ ദൗത്യത്തിന്റെ പതാക വാഹകരായി മുന്നിൽ നടക്കേണ്ടത്. ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സാഹചര്യങ്ങൾ കേരളത്തിൻെറ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഒരുക്കി വിദ്യാർത്ഥി-വിദ്യാർഥിനികൾക്ക് സംസ്ഥാനത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി, അവരെ വൈജ്ഞാനിക സമൂഹത്തിന്റെ നേതൃ സ്ഥാനങ്ങളിൽ കൊണ്ട് വരാനുള്ള പരിശ്രമമാണ് സർക്കാർ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ നാല് വർഷക്കാലയളവിൽ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ 6000 കോടി രൂപയാണ് ഉപയോഗപ്പെടുത്തിയത്. 1352 കോടി രൂപ ഭൗതിക പശ്ചാത്തലത്തിന്റെ കാര്യത്തിൽ മാത്രം വിനിയോഗിച്ചു. ഇതിന്റെ പ്രതിഫലനമെന്നോണം നമ്മുടെ സർവകലാശാലകളും കലാലയങ്ങളും ദേശീയമായ ഗുണനിലവാര പരിശോധനകളും അന്തർദേശീയ റാങ്കിങ് സംവിധാനങ്ങളിലുമൊക്കെ മുന്നോട്ട് വരികയാണെന്ന് മന്ത്രി ബിന്ദു പറഞ്ഞു.

സമഗ്രവും സമൂലവുമായ പരിഷ്കരണമാണ് അടുത്ത വർഷം നാല് വർഷ ബിരുദ പ്രോഗ്രാം ആരംഭിക്കുന്നതോടെ നമ്മുടെ കലാലയങ്ങളിൽ ഉണ്ടാവുക. സ്‌കിൽ എൻഹാൻസ്മെന്റും ഇൻഡസ്ട്രി അക്കാദമിയ ഇന്റർഫേസ് ശക്തിപ്പെടുത്തലുമൊക്കെ ഇതിന്റെ ഭാഗമായി സർക്കാർ ഏറ്റെടുക്കുകയാണെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ആദ്യത്തെ കാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് ഫെബ്രുവരി 19 നു മുഖ്യമന്ത്രി പിണറായി വിജയൻ കൊട്ടാരക്കരയിൽ ഉദ്‌ഘാടനം ചെയ്യും. അറിവിന്റെ പ്രായോഗിക തലത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള ഗവേഷണ പ്രവർത്തനങ്ങളാണ് പ്രോത്സാഹിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം വിദ്യാർത്ഥികളുടെ സാമൂഹ്യ സാമ്പത്തിക പിന്തുണ എന്ന നിലയിൽ ഏർപ്പെടുത്തിയ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് ഇതിന്റെ ഭാഗമാണ്.

500 യുവ ഗവേഷകർക്ക് അഞ്ച് വർഷക്കാലം കൊണ്ട് ഫെലോഷിപ്പ് നൽകണമെന്നാണ് സർക്കാർ ഉദ്ദേശിക്കുന്നത്. 180 ഓളം യുവ ഗവേഷകർ ഇതിനോടകം പദ്ധതിയുടെ ആനുകൂല്യത്തിൽ പ്രവർത്തിച്ചു വരികയാണ്. വിദ്യാഭ്യാസപരമായി മുന്നിലാണെങ്കിലും സാമ്പത്തികമായും സാമൂഹികമായും പിന്തുണ വേണ്ടുന്ന പ്രതിഭകൾക്ക് മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭ പുരസ്കാരവും കഴിഞ്ഞ രണ്ടു വർഷങ്ങളിൽ നൽകി വരുന്നുണ്ട്. 1000 വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപ വീതം സ്‌കോളർഷിപ്പ് നൽകുന്ന ഇന്ത്യയിലെ ഏക പദ്ധതിയാണ് മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭ പുരസ്‌കാരമെന്നും മന്ത്രി കൂട്ടിച്ചേർത്തു.