നാടിന്റെ വികസനത്തിന് അടിസ്ഥാന ഘടകമായ പശ്ചാത്തല സൗകര്യവികസനത്തിനാണ് സർക്കാർ മുൻതൂക്കം നൽകുന്നതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി. എ. മുഹമ്മദ് റിയാസ്. ഈരാറ്റുപേട്ട അരുവിത്തുറ – ഭരണങ്ങാനം റോഡിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായായിരുന്നു അദ്ദേഹം. അരുവിത്തുറ പള്ളി, ഭരണങ്ങാനം പള്ളി എന്നീ രണ്ടു തീർത്ഥാടന കേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് തീർത്ഥാടകർക്കും ഗുണകരമാകുമെന്നും മന്ത്രി പറഞ്ഞു. ബി.എം. ആൻഡ് ബി.സി. ഗുണനിലവാരത്തിൽ പൊതുമാരാമത്ത് വകുപ്പിന്റെ കീഴിലുള്ള 30,000 കിലോമീറ്റർ റോഡുകളിൽ 50 ശതമാനം മൂന്ന് വർഷത്തിനുള്ളിൽ പൂർത്തികരിക്കാനായി. ദേശീയ പാത 66, മലയോര ഹൈവേ, തീരദേശ ഹൈവേ എന്നിവയുടെ നിർമാണം പുരോഗമിക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പൊതുമരാമത്ത് വകുപ്പിൽനിന്ന് ആറു കോടി രൂപ മുടക്കി ബി.എം. ആൻഡ് ബി.സി. നിലവാരത്തിലാണ് റോഡ് നവീകരിച്ചത്. അമ്പാറനിരപ്പേൽ ജംഗ്ഷനിൽ നടത്തുന്ന പരിപാടിയിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. കോട്ടയം നിരത്ത് വിഭാഗം എക്സിക്യൂട്ടിവ് എൻജീനിയർ കെ. ജോസ് രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു.
യോഗത്തിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ശ്രീകല, തിടനാട് ഗ്രാമപ്രസിഡന്റ് വിജി ജോർജ്, ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ്, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ മേഴ്സി മാത്യു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മിനി സാവിയോ, ജോസഫ് ജോർജ് വെള്ളൂക്കുന്നേൽ, തിടനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീന ജോർജ്, സ്ഥിരം സമിതി അംഗങ്ങളായ ഓമന രമേശ്, പ്രിയ ഷിജു, ഗ്രാമപഞ്ചായത്തംഗങ്ങളായ സ്കറിയ ജോസഫ്, ജോസ് ജോസഫ്, പാലാ നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനിയർ എൻ. സിയാ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി. മുരളീധരൻ, കാവുങ്കൽ, റെജി, ജേക്കബ്, ജോസുകുട്ടി ഏറത്ത്, റോയി കുര്യൻ തുരുത്തിയിൽ എന്നിവർ പങ്കെടുത്തു.