സംസ്ഥാനത്തെ പൊതുമരാമത്ത് റോഡുകൾ മുഴുവൻ ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നവീകരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം എന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. പൊതുമരാമത്ത് വകുപ്പിൽ നിന്നും 10 കോടി രൂപ ചെലവഴിച്ച് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ റീ ടാറിംഗ് പൂർത്തീകരിച്ച മുണ്ടക്കയം – കോരുത്തോട് റോഡിന്റെ ഉദ്ഘാടനം ഓൺ
ലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് അൻപത് ശതമാനത്തിലധികം റോഡുകൾ ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നവീകരിച്ചു. ഇത്തരത്തിൽ റോഡുകൾ നവീകരിക്കുന്നതിന് ചെലവ് കൂടുതലാണ്. എന്നാൽ കൂടുതൽ കാലം ഈട് നിൽക്കുന്നവയും നിലവാരം ഉയർന്നതുമായ രീതിയാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.

മടുക്ക ജങ്ങ്ഷനിൽ വച്ച് നടന്ന യോഗത്തിൽ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അധ്യക്ഷനായിരുന്നു. പൊതുമരാമത്ത് റോഡ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ കെ.ജോസ് രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.എൻ രാജേഷ്,വി.കെ ജയദേവൻ,സിനു സോമൻ,ഷിബാ ഷിബു,പൊതുമരാമത്ത് റോഡ് വിഭാഗം അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ എൽ. രാഗിണി,രാഷ്ട്രീയപാർട്ടി പ്രതിനിധികളായ പി.കെ.സുധീർ, കെ.ബി.രാജൻ, ജോയി പുരയിടത്തിൽ, ജോജോ പാമ്പാടത്ത്, കെ.പി.ഷൈൻകുമാർ എന്നിവർ പങ്കെടുത്തു.