ഒളവണ്ണ പഞ്ചായത്തിൽ സംസ്ഥാന സർക്കാർ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച സ്പോർട്സ് ലൈഫ് സെൻ്റർ നാടിന് സമർപ്പിച്ചു. മാവത്തും പടി ഗ്രൗണ്ടിന് സമീപം നടന്ന ചടങ്ങിൽ സ്പോർട്സ് ലൈഫ് ഫിറ്റ്നസ് സെൻ്ററിൻ്റെ ഉദ്ഘാടനവും മാവത്തുംപടി ഗ്രൗണ്ട് പ്രവൃത്തി ഉദ്ഘാടനവും പി ടി എ റഹീം എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി ശാരുതി അധ്യക്ഷത വഹിച്ചു.
പൊതുജനങ്ങൾക്കും കായികതാരങ്ങൾക്കും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ സംസ്ഥാന കായിക വകുപ്പും ഒളവണ്ണ ഗ്രാമപഞ്ചായത്തും ചേർന്ന് പന്തീരങ്കാവിൽ ഗ്രാമപഞ്ചായത്ത് കെട്ടിടത്തിൽ ആണ് ഫിറ്റ്‌നസ് സെന്റർ ഒരുക്കിയിരിക്കുന്നത്. 117 ലക്ഷം രൂപ ചെലവിൽ ആധുനിക സൗകര്യങ്ങളോടെയാണ് ഫിറ്റ്‌നസ് സെന്റർ നിർമ്മാണം. ശീതീകരണ സംവിധാനമുൾപ്പടെ ശാരീരികക്ഷമത വർധിപ്പിക്കുന്നതിന് ആധുനിക ഉപകരണങ്ങളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.
കേബിൾ ക്രോസ് ഓവർ, റിയർ കിക്ക്, ചെസ്റ്റ് പ്രസ്സ്, ഷോൾഡർ പ്രസ്സ്, ഒളിംപിക് ബെഞ്ച് പ്രസ്സ്, ഡംപൽസ് ആൻഡ് റാക്സ്, ബാർബെൽസ്, ജിം ബാൾസ്, മെഡിസിൻ ബാൾ, എല്ലിപ്റ്റിക്കൽ ലെഗ് പ്രസ്സ്, ലെഗ് കേൾ, ബാർസ് ആൻഡ് സ്റ്റാൻഡ്, ഒളിംപിക് വെയ്റ്റ് ആൻഡ് സ്റ്റാൻഡ്, ബൈസെപ് കേൾ മെഷീൻ, ട്രെഡ്‌മിൽ, സ്‌പിൻ ബൈക്ക്, നോൺ മോട്ടോറൈസ്‌ഡ് കവേർഡ് തുടങ്ങിയ അത്യാധുനിക സൗകരങ്ങളോടു കൂടിയ 78 വിവിധ ഐറ്റം ജിം ഉപകരണങ്ങളാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്.
ഒരു കോടി രൂപ ചെലവിൽ നവീകരിക്കുന്ന മാവത്തുംപടി ഗ്രൗണ്ടിന് പഞ്ചായത്തിൽ ഒരു കളിസ്ഥലം പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാർ 50 ലക്ഷം രൂപയും എംഎൽഎയുടെ ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപയുമാണ് അനുവദിച്ചത്.
സ്പോർട്സ് കേരള ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ മുഹമ്മദ് അഷ്റഫ് എ പി എം റിപ്പോർട്ട് അവതരിപ്പിച്ചു. ഒളവണ്ണ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എം സിന്ധു, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി മിനി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി ബാബുരാജൻ, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രവി പറശ്ശേരി, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ റംല പുത്തലത്ത്, ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ വി വിജയൻ, കായിക വകുപ്പ് കോഴിക്കോട് മേഖല ഓഫീസ് ഡെപ്യൂട്ടി ഡയറക്ടർ അനീഷ് ടി തുടങ്ങിയവർ സംസാരിച്ചു. ഒളവണ്ണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ ജയപ്രശാന്ത് സ്വാഗതവും സ്പോർട്സ് കേരള ഫൗണ്ടേഷൻ അസിസ്റ്റന്റ് എഞ്ചിനീയർ എ അച്ചു നന്ദിയും പറഞ്ഞു.