സ്കൂൾതലത്തിൽ ആരംഭിക്കുന്ന ജില്ലയിലെ ആദ്യ നൈപുണി വികസന കേന്ദ്രത്തിന്റെ ഉദ്ഘാടനം അരിമ്പ്ര ജി.വി.എച്ച്.എസ്. സ്കൂളിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഓൺലൈനായി നിർവഹിച്ചു. ജില്ലാതല ഉദ്ഘാടനം സ്കൂളിൽ നടന്ന ചടങ്ങിൽ പി ഉബൈദുള്ള എം.എൽ.എ നിർവഹിച്ചു. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുറഹ്‌മാൻ അധ്യക്ഷനായി. സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 15 ബി.ആർ.സികളിലായി 15 സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററുകളാണ് അനുവദിച്ചിട്ടുള്ളത്.
ജില്ലയിലെ ആദ്യസ്‌കിൽ ഡെവലപ്‌മെന്റ് സെന്ററായ അരിമ്പ്ര ജി.വി.എച്ച്.എസ്.എസിൽ ജ്വല്ലറി ഡിസൈനർ കോഴ്‌സും എ.ഐ ഡിവൈസസ് ഇൻസ്റ്റലേഷൻ ഓപ്പറേറ്റർ കോഴ്‌സുമാണ് മാർച്ച് ഒന്നുമുതൽ ആരംഭിക്കുക. സംസ്ഥാനത്തെ 14 ജില്ലകളിലും തെരഞ്ഞെടുത്ത ഓരോ സ്കൂളുകളിലാണ് പ്രാരംഭഘട്ടത്തിൽ പദ്ധതി ആരംഭിക്കുന്നത്. സമഗ്രശിക്ഷാ കേരളം ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ പി മനോജ് കുമാർ, മൊറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനീറ പൊറ്റമ്മൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ടി റെജുല, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. പി.വി മനാഫ്, ജനപ്രതിനിധികൾ, ഹയർസെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ, വി.എച്ച്.എസ്ഇ അസിസ്റ്റന്റ് ഡയറക്ടർ, വ്യവസായ കേന്ദ്രം ജനറൽ മാനേജർ, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
സ്‌കിൽ ഡെവലവ്‌മെന്റ് സെന്ററുകൾ
ഹയർ സെക്കൻഡറിതലം വരെയുള്ള വിദ്യാർത്ഥികൾക്ക് തങ്ങളുടെ അഭിരുചിക്കും വൈദഗ്ധ്യത്തിനും അനുഗുണമായ തൊഴിൽമേഖലകൾ തെരെഞ്ഞെടുക്കാൻ ലക്ഷ്യമിട്ട് സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ സ്റ്റാർസ് പദ്ധതിയുടെ ഭാഗമായാണ് പൊതുവിദ്യാലയങ്ങളിൽ സ്‌കിൽ ഡെവലവ്‌മെന്റ് സെന്ററുകൾ(എസ്.ഡി.സി) ആരംഭിക്കുന്നത്. 15 മുതൽ 23 വയസ്സുവരെയുള്ള യുവാക്കൾക്ക് ആധുനിക ലോകത്തെ തൊഴിൽ സാധ്യതയുടെ അറിവും നൈപുണിയും നൽകുക എന്ന ലക്ഷ്യത്തോടെയാണ് എസ്.ഡി.സികൾ തുടങ്ങുന്നത്.
ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പവും ഏതെങ്കിലും സാഹചര്യങ്ങളിൽ പഠനം ഉപേക്ഷിക്കേണ്ടി വന്ന വിദ്യാർത്ഥികൾക്കും സൗജന്യ തൊഴിൽ പരിശീലനം എസ്.ഡി.സികളിലൂടെ സാധ്യമാക്കുന്നു. പദ്ധതിയുടെ ആദ്യഘട്ടത്തിൽ സംസ്ഥാനത്ത് ഓരോ ജില്ലയിലും ഓരോ സെന്ററുകളിൽ 2 ബാച്ചുകൾ വീതം ന്യൂ ജനറേഷൻ കോഴ്‌സുകളാണ് ആരംഭിക്കുന്നത്. 21.5 ലക്ഷം രൂപയാണ് ഓരോ സ്‌കിൽ ഡെവലപ്‌മെന്ററിനും അക്കാദമിക സൗകര്യങ്ങൾക്കായി വിനിയോഗിക്കുന്നത്.