വയോജനങ്ങള്‍ നാടിന്റെ വഴികാട്ടികളാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഓര്‍മ്മച്ചെപ്പ് 2024 എന്ന പേരില്‍ കാമാക്ഷി പഞ്ചായത്ത് സംഘടിപ്പിച്ച വയോജനസംഗമം തങ്കമണി പാരിഷ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വയോജനങ്ങള്‍ക്ക് ഏറെ കരുതലും സ്‌നേഹവും നല്‍കേണ്ടതുണ്ട്. മുന്നില്‍ വെളിച്ചമായി മുതിര്‍ന്നവര്‍ നടക്കുമ്പോഴാണ് നമ്മുടെ ജീവിതത്തില്‍ വെളിച്ചം തെളിയുക. വിവിധ ജീവിത സാഹചര്യങ്ങളില്‍ കൂടി കടന്ന് പോയി പലവിധ ബുദ്ധിമുട്ടുകള്‍ അതിജീവിച്ചവരാണ് നമ്മുടെ വയോജനങ്ങള്‍. അവര്‍ക്കായി വിവിധ സഹായ പ്രവര്‍ത്തനങ്ങള്‍ ഐസിഡിഎസും പഞ്ചായത്തും മുഖാന്തരം സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. വയോജനങ്ങളുടെ വിഷയങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുവാന്‍ കാമാക്ഷി പഞ്ചായത്തിന്റെ ഓര്‍മ്മച്ചെപ്പ് പരിപാടിക്ക് സാധിച്ചതായും മന്ത്രി പറഞ്ഞു.

കാമാക്ഷി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി മുക്കാട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി.വി വര്‍ഗീസ് 90 വയസ്സിന് മുകളില്‍ പ്രായമുള്ള വയോജനങ്ങളെ പൊന്നാട അണിയിച്ച് ആദരിച്ചു. ഏലിക്കുട്ടി ഏറത്ത്, പുളിക്കല്‍ പാപ്പച്ചന്‍ മൈക്കിള്‍, തെങ്ങനാമുക്കേല്‍ ഭാരതി പി.കെ, വെള്ളാപ്പള്ളില്‍ ത്രേസ്യാമ്മ ജോസഫ്, സുമതി പുത്തന്‍പുരയ്ക്കല്‍, ദാമോദരന്‍ ഒറ്റത്തെങ്ങില്‍, മറിയക്കുട്ടി കൊല്ലംപറമ്പില്‍ തുടങ്ങിയവരെയാണ് ആദരിച്ചത്.

വയോജനങ്ങള്‍ക്കായി സൗജന്യ നേത്രപരിശോധന, കൗണ്‍സിലിംഗ്, ആയുര്‍വേദ-ഹോമിയോ മെഡിക്കല്‍ ക്യാമ്പ്, ജീവിതശൈലി രോഗനിര്‍ണയ ക്യാമ്പ്, പെന്‍ഷന്‍ അദാലത്ത് തുടങ്ങിയവ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.