സംസ്ഥാന വനിതാ കമ്മിഷന്‍ കുമളി വ്യാപാരഭവനില്‍ നടത്തിയ ഇടുക്കി ജില്ലാതല അദാലത്തില്‍ 21 കേസുകള്‍ തീര്‍പ്പായി. കമ്മിഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായിയുടെ നേൃത്വത്തില്‍ നടത്തിയ അദാലത്തില്‍ 46 കേസുകളാണ് പരിഗണിച്ചത്. രണ്ട് പരാതികളില്‍ പോലീസ് റിപ്പോര്‍ട്ട് തേടിയ കമ്മീഷന്‍ റിപ്പോര്‍ട്ട് കിട്ടിയ ശേഷം അവ അടുത്ത അദാലത്തില്‍ വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ചു. കൂടാതെ ഒരു പരാതി ജില്ലാ നിയമ സേവന അതോറിറ്റിക്കും ഒരു പരാതി സഖി വണ്‍സ്റ്റോപ്പ് സെന്ററിനും കൈമാറി. ബാക്കി 21 കേസുകള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും.
പ്രായമായ സ്ത്രീകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പരാതികള്‍, അയല്‍പക്ക തര്‍ക്കങ്ങള്‍, സാമ്പത്തിക തര്‍ക്കങ്ങള്‍ എന്നിവയാണ് അദാലത്തില്‍ എത്തിയ പരാതികളില്‍ അധികവും. വസ്തു ആധാരം ചെയ്ത് വാങ്ങിയ ശേഷം വൃദ്ധയായ അമ്മയെ സംരക്ഷിക്കാത്ത മകനെതിരെ ആധാരം റദ്ദ് ചെയ്യാനാവശ്യപ്പെട്ടായിരുന്നു ഒരു പരാതി. പ്രായമായവരുടെ പ്രശ്‌നങ്ങളില്‍ തങ്ങള്‍ക്ക് ആശ്രയിക്കാവുന്ന വേദിയായി വനിത കമ്മിഷനെ അവര്‍ കാണുന്നതുകൊണ്ടാണ് അത്തരം പരാതികള്‍ കൂടുതലായി എത്തുന്നതെന്ന് കമ്മിഷന്‍ അംഗം പറഞ്ഞു.
പ്രായമായ ഒരു കൂട്ടം സ്ത്രീകള്‍ തങ്ങളുടെ സംരക്ഷണത്തിനായി ഒരു സൊസൈറ്റി രൂപവത്കരിച്ച് അവരുടെ സ്വന്തം വരുമാനം കൊണ്ട് കെട്ടിടം നിര്‍മിക്കുന്നതിനെതിരെ ഉയര്‍ന്ന തര്‍ക്കമാണ് കമ്മീഷന്റെ പരിഗണനക്ക് വന്ന മറ്റൊരു പ്രധാന വിഷയം. പരാതിക്കാരനെയും സൈസൈറ്റി ഭാരവാഹികളെയും കമ്മീഷന്റെ നേതൃത്വത്തില്‍ ഒരുമിച്ചിരുത്തി ചര്‍ച്ച ചെയ്യുകയും തര്‍ക്കത്തിന് ഒത്തുതീര്‍പ്പുണ്ടാക്കാനും കഴിഞ്ഞത് വലിയ നേട്ടമായെന്ന് കമ്മീഷന്‍ അംഗം ചൂണ്ടിക്കാട്ടി. പ്രശ്‌നപരിഹാരമായതോടെ എത്രയും വേഗം കെട്ടിട നിര്‍മാണം പൂര്‍ത്തീകരിക്കുമെന്നും അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി അറിയിച്ചു.