കുടിവെള്ളത്തിന്റെ പ്രാധാന്യം മുതിര്‍ന്നവര്‍ക്കൊപ്പം കുട്ടികളും മനസിലാക്കേണ്ടതുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. സ്‌കൂളുകളില്‍ രൂപീകരിക്കുന്ന ജലശ്രീ ക്ലബുകളുടെ ജില്ലാതല ഉദ്ഘാടനം മരിയാപുരം സെന്റ് മേരീസ് ഹൈസ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വരുംതലമുറയ്ക്ക് ജലലഭ്യത ഉറപ്പുവരുത്തുന്നതിനായി കുട്ടികളും പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട്. ഇത് ലക്ഷ്യമിട്ടാണ് ജലശ്രീ ക്ലബ്ബുകള്‍ സ്‌കൂളുകളില്‍ ആരംഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ശുദ്ധജലക്ഷാമം പരിഹരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിനായി ‘ജല ബജറ്റ്’ എന്ന പഞ്ചായത്ത്തല പദ്ധതിക്ക് വയനാട്ടിലെ മുട്ടില്‍ പഞ്ചായത്തില്‍ തുടക്കം കുറിക്കുകയും ഇടുക്കിയിലെ വിവിധ ബ്ലോക്കുകളില്‍ അത് യാഥാര്‍ത്ഥ്യമാക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലയിലെ 62 യു.പി സ്‌കൂളുകളിലും 36 ഹൈസ്‌കൂളുകളിലുമായി 98 ജലശ്രീ ക്ലബുകളാണ് രൂപീകരിക്കുന്നത്. ആകെ 4116 വിദ്യാര്‍ഥികള്‍ അംഗങ്ങളായുള്ള ക്ലബുകളുടെ നേതൃത്വം വഹിക്കുന്നതിന് അധ്യാപകരില്‍ നിന്നും രണ്ട് വീതം കോ-ഓര്‍ഡിനേറ്റര്‍മാരെയും വിദ്യാര്‍ത്ഥികളില്‍ നിന്നും രണ്ട് വീതം ക്യാപ്റ്റന്‍മാരെയും തെരഞ്ഞെടുക്കും. ജല സമൃദ്ധിക്കും ശുചിത്വ പരിപോഷണത്തിനും വേണ്ടി നിരന്തരം യത്‌നിക്കുന്ന ജനസമൂഹത്തെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലബുകള്‍ രൂപീകരിക്കുന്നത്. ക്ലബുകളുടെ ആഭിമുഖ്യത്തില്‍ ക്ലാസ്സുകള്‍, സെമിനാറുകള്‍, പദയാത്രകള്‍, മത്സരങ്ങള്‍, ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ജലാശയങ്ങളുടെ നവീകരണം, തെരുവുനാടകങ്ങള്‍, ഫ്‌ളാഷ് മോബുകള്‍ തുടങ്ങിയ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.

ഇടുക്കി ജലനിധി റീജിയണല്‍ പ്രൊജക്റ്റ് ഡയറക്ടര്‍ ബിജുമോന്‍ കെ.കെ പദ്ധതി അവതരണം നടത്തി. ജല സാക്ഷരതയും ജലശ്രീ ക്ലബ്ബുകളുടെ പ്രസിദ്ധിയും എന്ന വിഷയത്തില്‍ ഡോ.സുഭാഷ് ചന്ദ്രബോസ് ക്ലാസ് നയിച്ചു. മരിയാപുരം ഗ്രാമപഞ്ചായത്ത് അംഗം അനുമോള്‍ കൃഷ്ണന്‍, മരിയാപുരം സെന്റ് മേരീസ് ഹൈസ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിബിച്ചന്‍ തോമസ്, മറ്റ് ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.