അഞ്ച് വര്‍ഷംകൊണ്ട് സംസ്ഥാനത്ത് 100 പാലങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ നിശ്ചയിച്ച സംസ്ഥാന സര്‍ക്കാറിന് മൂന്ന് വര്‍ഷങ്ങള്‍ക്കകം ഈ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ കഴിയുന്ന സാഹചര്യമാണുള്ളതെന്ന് പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. രണ്ട് വര്‍ഷം കൊണ്ട് അമ്പതിലേറെ പാലങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചെന്നും അദ്ദേഹം പറഞ്ഞു. ചിറ്റൂര്‍ മണ്ഡലത്തിലെ നറണി പാലത്തിന്റെ നിര്‍മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
നറണി പാലം യാഥാര്‍ത്ഥ്യമാവുന്നതോടെ കാലവര്‍ഷത്തിലും തുലാവര്‍ഷത്തിലും മൂലത്തറ ഡാം തുറക്കുന്നത് കൊണ്ട് ഒറ്റപ്പെടുന്ന നറണി, കല്യാണ പേട്ട, കോരയാര്‍ചള്ള, മീനാക്ഷിപുരം പ്രദേശവാസികള്‍ക്ക് ആശ്വാസമാകും. ദീര്‍ഘകാലം മുടങ്ങിക്കിടന്ന പല പദ്ധതികളും യാഥാര്‍ത്ഥ്യമാക്കുകയാണ് സര്‍ക്കാര്‍. ദേശീയപാത വികസനം ഇതില്‍ പ്രധാനപ്പെട്ടതാണ്. രാജ്യത്ത് ആദ്യമായി 5500 കോടി രൂപ ദേശീയപാത വികസനത്തിനായി മുടക്കിയ സംസ്ഥാനം കേരളമാണ്. 2025 അവസാനത്തോടെ ദേശീയപാത യാഥാര്‍ത്ഥ്യമാവും. ഒന്‍പത് ജില്ലകളിലൂടെ കടന്നുപോകുന്ന തീരദേശ ഹൈവേ, 13 ജില്ലകളിലൂടെ കടന്നുപോകുന്ന മലയോര ഹൈവേ എന്നിവയും യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും മന്ത്രി പറഞ്ഞു.
യാഥാര്‍ത്ഥ്യമാകുന്നത് ജനങ്ങളുടെ ദീര്‍ഘകാല ആവശ്യം: മന്ത്രി കെ. കൃഷ്ണന്‍കുട്ടി
നറണിപ്പാലം നിര്‍മാണത്തിലൂടെ ജനങ്ങളുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയും ദീര്‍ഘകാല ആവശ്യമാണ് യാഥാര്‍ത്ഥ്യമാകുന്നതെന്ന് വൈദ്യുത വകുപ്പ് മന്ത്രിയും ചിറ്റൂര്‍ എം.എല്‍.എയുമായ കെ. കൃഷ്ണന്‍കുട്ടി. നറണി പാലം നിര്‍മാണോദ്ഘാടനത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രദേശത്തെ റോഡ് വികസനത്തിനായി കിഫ്ബിയിലൂടെ 186 കോടിയും പാലങ്ങള്‍ക്കായി 71 കോടിയും അനുവദിച്ചു. 300 യൂണിറ്റില്‍ താഴെ വൈദ്യുതി ഉപയോഗിക്കുന്ന എല്ലാ വീടുകളിലും സോളാര്‍ വൈദ്യുതി എത്തിക്കാന്‍ പദ്ധതിയുണ്ട്. മണ്ഡലത്തില്‍ ഒരാള്‍ പോലും വീടോ വൈദ്യുതിയോ ഇല്ലാത്തവരായി ഉണ്ടാവരുത്. ചിറ്റൂര്‍ മണ്ഡലത്തിലാകെ 3400 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിയതെന്നും മന്ത്രി പറഞ്ഞു.
ചിറ്റൂര്‍ നിയോജകമണ്ഡലത്തില്‍ ആലംകടവ്-കല്യാണപേട്ട റോഡില്‍ ചിറ്റൂര്‍ പുഴയ്ക്ക് കുറുകെ 2020-21 സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി 10.39 കോടി രൂപ ചെലവിലാണ് നറണി പാലത്തിന്റെ നിര്‍മാണം ആരംഭിക്കുന്നത്. പരിപാടിയില്‍ പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിഷാ പ്രേംകുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മാധുരി പത്മനാഭന്‍, മിനി മുരളി, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം വി. മുരുകദാസ്, വാര്‍ഡ് അംഗങ്ങളായ ഷീബ രാധാകൃഷ്ണന്‍, ആര്‍. രമ്യ, പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ റിജോ റിന്ന, പാലങ്ങള്‍ ഉപവിഭാഗം അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സിനോജ് ജോയ്, അസി. എന്‍ജിനീയര്‍ എ. അനുരാഗ് എന്നിവര്‍ പങ്കെടുത്തു.