ഇടുക്കി മെഡിക്കല്‍ കോളേജില്‍ അത്യാധുനിക മോഡുലാര്‍ തീയേറ്റര്‍ കോംപ്ലക്‌സ് സംവിധാനം സ്ഥാപിക്കുന്നതിന്റെ ഭാഗമായി എംഎല്‍എ ഫണ്ടില്‍ നിന്ന് 66 ലക്ഷം രൂപ അനുവദിച്ചതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന ആശുപത്രി വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മെഡിക്കല്‍ കോളേജിലെ രണ്ടാം ബ്ലോക്കില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന മോഡുലാര്‍ തീയേറ്റര്‍ സംവിധാനം ഒരുക്കുന്നതിന് ജോണ്‍ ബ്രിട്ടാസ് എംപിയുടെ എംപി ഫണ്ടില്‍ ബാക്കി തുക ലഭ്യമാക്കും. നവജാത ശിശുക്കള്‍ക്കായി എസ്. എന്‍. സി. യു (സിക്ക് ന്യൂ ബോണ്‍ കെയര്‍ യൂണിറ്റ് ) ഇടുക്കി മെഡിക്കല്‍ കോളേജില്‍ ആരംഭിക്കുന്നതിനുള്ള അനുമതി ലഭിച്ചതായും മന്ത്രി അറിയിച്ചു. ജില്ലയില്‍ ആദ്യമായാണ് ഈ സംവിധാനം ഒരുക്കുന്നത്.

മെഡിക്കല്‍ കോളേജില്‍ കേന്ദ്രീകൃത ശീതീകരണ സംവിധാനം, സിസിടിവി, ലിഫ്റ്റ് എന്നിവ സജ്ജമാക്കുന്നതിലുള്ള തടസ്സം നിര്‍വ്വഹണ ഏജന്‍സിയുമായി ബന്ധപ്പെട്ട് മന്ത്രി പരിഹരിക്കും. മൈക്രോബയോളജി ലാബ് ഈ സാമ്പത്തിക വര്‍ഷം തന്നെ പ്രവര്‍ത്തന സജ്ജമാക്കാനും യോഗത്തില്‍ തീരുമാനിച്ചു.

മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുള്ള 11 കെവി ഫീഡര്‍ അടിയന്തരമായി തയ്യാറാക്കാന്‍ കെ എസ് ഇ ബി ക്ക് അധികൃതര്‍ക്ക് മന്ത്രി കര്‍ശന നിര്‍ദേശം നല്‍കി. കോളേജില്‍ ആവശ്യമായ പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പുരുഷ, സ്ത്രീ മെഡിസിന്‍ വാര്‍ഡുകള്‍, ഐ സി യു, ലാബ് തുടങ്ങിയവയെല്ലാം പുതിയ കെട്ടിടത്തിലേക്ക് ഉടന്‍ മാറ്റും. പഴയ കെട്ടിടത്തില്‍ സര്‍ജറി, ഓര്‍ത്തോ, പീഡിയാട്രിക് ഒപി, വാര്‍ഡുകള്‍ എന്നിവയാകും രോഗികളുടെ സൗകര്യാര്‍ത്ഥം പുതുതായി സജ്ജീകരിക്കുക. വിജകരമായി ഒന്നാം വര്‍ഷം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് പുതിയ സ്മാര്‍ട്ട് ക്ലാസ് റൂം, ഏകീകൃത ലൈബ്രറി, ഡെമോണ്‍സ്ട്രേഷന്‍ റൂം എന്നിവയും ഉടന്‍ സജ്ജീകരിക്കും. പുതിയ സജ്ജീകരണങ്ങള്‍ നിലവില്‍ വരുന്നതോടെയാകും പീഡിയാട്രിക് വിഭാഗത്തില്‍ എസ് എന്‍ സി യു പ്രവര്‍ത്തനം ആരംഭിക്കുക.

ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബാലകൃഷ്ണന്‍, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. സുരേഷ് വര്‍ഗീസ്, സര്‍ക്കാര്‍ പ്രതിനിധികളായ സി.വി. വര്‍ഗീസ്, ഷിജോ തടത്തില്‍, മറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.