സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ജില്ലാ പട്ടയമേള വ്യാഴാഴ്ച (22ന് ) വൈകിട്ട് മൂന്നിന് ഏലൂര്‍ മുന്‍സിപ്പല്‍ ടൗൺ ഹാളില്‍ നടക്കും. മേളയിലൂടെ ജില്ലയില്‍ 826 കുടുംബങ്ങള്‍ ഭൂമിയുടെ അവകാശികളാകും. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പട്ടയങ്ങള്‍ വിതരണം ചെയ്യും.

826 കുടുംബങ്ങള്‍ ക്കാണ് ജില്ലയില്‍ പട്ടയം വിതരണം ചെയ്യുന്നത്. 600 എല്‍.ടി പട്ടയങ്ങളും, 75 ദേവസ്വം പട്ടയങ്ങളും വിതരണത്തിന് ഒരുങ്ങിയിട്ടുണ്ട്. 1964 ഭൂപതിവ് ചട്ടപ്രകാരം പഞ്ചായത്ത് പ്രദേശത്തെ 63 കുടുംബങ്ങള്‍ക്കും 1995 ഭൂപതിവ് ചട്ടപ്രകാരം മുന്‍സിപ്പാലിറ്റി കോര്‍പ്പറേഷന്‍ പരിധിയിലെ 21 കുടുംബങ്ങള്‍ക്കും വനാവകാശ നിയമ പ്രകാരം 67 കുടുംബങ്ങൾക്കും പട്ടയങ്ങള്‍ വിതരണം ചെയ്യും

ആലുവ താലൂക്ക് 30, കോതമംഗലം താലൂക്കില്‍ 88, കണയന്നൂര്‍ താലൂക്കില്‍ 13, മൂവാറ്റുപുഴ താലൂക്കില്‍ അഞ്ച്, കുന്നത്തുനാട് താലൂക്കില്‍ നാല് , പറവൂര്‍ താലൂക്കില്‍ മൂന്ന്, കൊച്ചി താലൂക്കില്‍ എട്ട് പട്ടയങ്ങളും വീതമാണ് വിതരണത്തിന് ഒരുങ്ങിയിരിക്കുന്നത്.

റവന്യൂ വകുപ്പിന് കിട്ടിയ അപേക്ഷകളില്‍ താലൂക്ക്, വില്ലേജ് ഓഫീസുകള്‍ വഴി കൃത്യമായി അന്വേഷണം പൂര്‍ത്തിയാക്കിയാണ് പട്ടയങ്ങള്‍ വിതരണം ചെയ്യുന്നത്. താലൂക്കുകളില്‍ തഹസില്‍ദാര്‍മാരുടെയും തൃപ്പൂണിത്തുറ ലാന്‍ഡ് ട്രിബ്യൂണലിലെ സ്‌പെഷ്യല്‍ തഹസില്‍ദാര്‍മാരുടെയും നേതൃത്വത്തിലാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.