സ്ത്രീപക്ഷ നവകേരളം എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി പിണറായി വിജയൻ വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്ന സ്ത്രീകളുമായി സംവദിക്കുന്ന മുഖാമുഖം: നവകേരള സ്ത്രീ സദസ്സ് ഫെബ്രുവരി 22 വ്യാഴാഴ്ച രാവിലെ 9.30 മുതൽ 1.30 വരെ എറണാകുളം നെടുമ്പാശ്ശേരി സിയാൽ കൺവെൻഷൻ സെന്ററിൽ നടക്കും.
ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി, അൻവർ സാദത്ത് എം.എൽ.എ, വനിത ശിശു വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമിള മേരി ജോസഫ്, വനിത ശിശു വികസന വകുപ്പ് ഡയറക്ടർ ഹരിത വി കുമാർ തുടങ്ങിയവർ പങ്കെടുക്കും. നവകേരളം കർമ്മ പദ്ധതി സംസ്ഥാന കോ-ഓർഡിനേറ്റർ ഡോ. ടി.എൻ. സീമ പരിപാടിയിൽ മോഡറേറ്ററാകും.
ശ്രീമതി ടീച്ചർ, മേഴ്സിക്കുട്ടിയമ്മ, ഐശ്വര്യ ലക്ഷ്മി, ദിവ്യ ഗോപിനാഥ്, മേഴ്സികുട്ടൻ, ഷൈനി വിൽസൺ, പി.കെ. മേദിനി, നിലമ്പൂർ അയിഷ, ടെസി തോമസ്, ഇംതിയാസ് ബീഗം, നിഷ ജോസ് കെ മാണി, എം.ഡി. വത്സമ്മ, വിജയരാജ മല്ലിക, ഡോ. ലിസി എബ്രഹാം, കെ.സി. ലേഖ, കെ. അജിത തുടങ്ങിയ വിവിധ മേഖലകളിലെ പ്രശസ്തരും പ്രമുഖരുമായ വനിതകൾ പങ്കെടുക്കും.
സമൂഹത്തിലെ വിവിധ മേഖലകളിലെ 2000ത്തോളം സ്ത്രീകളെ പങ്കെടുപ്പിച്ച് കൊണ്ടായിരിക്കും നവകേരള സ്ത്രീ സദസ്സ് സംഘടിപ്പിക്കുന്നത്. ജനപ്രതിനിധികൾ, തദ്ദേശ ഭരണസ്ഥാപനങ്ങളുടെ നേതൃത്വം വഹിക്കുന്നവർ, വകുപ്പ് മേധാവികൾ, കുടുംബശ്രീ പ്രവർത്തകർ, ആശാ പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ, ആരോഗ്യ-വിദ്യാഭ്യാസ- വ്യവസായ-കാർഷിക മേഖലകളിലെ പ്രതിനിധികൾ, പരമ്പരാഗത വ്യവസായ മേഖല, ഐ.ടി, കലാ- സാഹിത്യ- കായിക മേഖലകൾ, ആദിവാസി, ട്രാൻസ് വനിതകൾ, തുടങ്ങി സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിൽ നിന്നുള്ള സ്ത്രീകളുടെ പങ്കാളിത്തത്തോടെയാണ് സദസ്സ് സംഘടിപ്പിക്കുന്നത്.
സാമൂഹ്യരംഗത്തെ ഇടപെടലിലൂടെ സ്ത്രീകളെ നവകേരള നിർമ്മിതിയുടെ ഭാഗമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സ്ത്രീപക്ഷ നവകേരളം യാഥാർത്ഥ്യമാക്കുന്നതിനുള്ള ചർച്ചകൾക്കും നിർദ്ദേശങ്ങൾ സ്വരൂപിക്കുന്നതിനുമാണ് വിവിധ മേഖലകളിലുള്ള സ്ത്രീകളുമായി മുഖ്യമന്ത്രി നേരിട്ട് സംവദിക്കുന്നത്. അഭിപ്രായങ്ങൾ എഴുതി നൽകാനും അവസരം ഉണ്ടാകും. നവകേരളം സംബന്ധിച്ച് സ്ത്രീ സമൂഹത്തിന്റെ പ്രതീക്ഷകൾ, നിർദേശങ്ങൾ, നൂതന ആശയങ്ങൾ എല്ലാം സദസിൽ പങ്കുവയ്ക്കപ്പെടും. നൂതനവും സർഗാത്മകവുമായ ചുവടുവെപ്പുകൾക്ക് സാക്ഷ്യം വഹിക്കാൻ പോകുന്ന ഒന്നായിരിക്കും നവകേരളസ്ത്രീ സദസ്സ്.