സ്ത്രീപക്ഷ നവകേരളം എന്ന ലക്ഷ്യത്തിലേക്കായി ക്രിയാത്മകമായ പുതിയ ആശയങ്ങൾ രൂപീകരിക്കുക എന്നതാണ് നവകേരള സ്ത്രീ സദസ്സിന്റെ ലക്ഷ്യമെന്ന് വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. നെടുമ്പാശ്ശേരി സിയാൽ കൺവെൻഷൻ സെന്ററിൽ നടന്ന നവകേരള സ്ത്രീ സദസ്സ്- മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ലോകജനാധിപത്യത്തിൽ പുതിയ ചരിത്രം കുറിച്ച് കൊണ്ടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുമായി സംവദിക്കാൻ നവ കേരള സദസ്സിലൂടെ 140 മണ്ഡലങ്ങളിലും നേരിട്ട് എത്തിയത്. അതിനുശേഷം ഓരോ മേഖലയിൽ നിന്നും ആശയങ്ങൾ രൂപീകരിക്കുന്നതിന് മുഖാമുഖം പരിപാടി നടത്തി വരികയാണ്. വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കുമായി സംഘടിപ്പിച്ച മുഖാമുഖം പരിപാടിക്ക് ശേഷം സ്ത്രീകളുടെ പ്രശ്നങ്ങൾ നേരിട്ട് അറിയുന്നതിന് മുഖ്യമന്ത്രി എത്തിയിരിക്കുകയാണ്. കേരളത്തിലെ സ്ത്രീ സമൂഹത്തിന്റെ പരിച്ഛേദമാണ് സ്ത്രീ സദസ്സിൽ കാണാൻ കഴിയുന്നത്. എല്ലാ മേഖലകളിലുള്ള വനിതകളുടെയും പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ടാണ് പരിപാടി.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി തൊഴിൽ, ആരോഗ്യം,വിദ്യാഭ്യാസം, തുടങ്ങിയ എല്ലാ മേഖലകളിലും സ്ത്രീകൾ മുന്നിട്ടു നിൽക്കുന്ന സംസ്ഥാനമാണ് കേരളം. ഇനിയും മുന്നോട്ടുപോകേണ്ടതുണ്ട് എന്ന ആശയത്തിൽ ഊന്നിയാണ് സ്ത്രീപക്ഷ നവകേരളം സർക്കാർ വിഭാവനം ചെയ്യുന്നത്. ഓരോ സ്ത്രീക്കും തങ്ങളുടെ അവകാശങ്ങൾ സ്വാഭാവിക പ്രക്രിയയിലൂടെ ലഭിക്കുന്ന സാഹചര്യം ഉണ്ടാകുക എന്നതാണ് സ്ത്രീപക്ഷ നവ കേരളത്തിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

ലോകത്തിനുതന്നെ മാതൃകയായ സ്ത്രീശാക്തീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്. ഇതിനു മികച്ച ഒരു മാതൃകയാണ് കുടുംബശ്രീ. കാൽ നൂറ്റാണ്ട് കൊണ്ട് കൂട്ടായ്മയിലൂടെ സാമ്പത്തിക ശാക്തീകരണത്തിലൂടെ സ്ത്രീകളെ മുന്നോട്ടു നയിക്കാൻ കുടുംബശ്രീക്ക് കഴിഞ്ഞു. 2017ൽ സർക്കാർ വനിതാ വികസന വകുപ്പ് രൂപീകരിച്ച് നിരവധി പ്രവർത്തനങ്ങൾ നടപ്പിലാക്കി. ജന്റർ ബജറ്റ് നടപ്പിലാക്കി. ബജറ്റിൽ സ്ത്രീശാക്തീകരണ പ്രവർത്തനങ്ങൾക്കായി ഏറ്റവും കൂടുതൽ തുക അനുവദിക്കുന്ന സംസ്ഥാനമാണ് കേരളം.

സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം ഉറപ്പാക്കുന്നതിന് നിരവധി പ്രവർത്തനങ്ങളാണ് നടപ്പിലാക്കി വരുന്നത്. തൊഴിലിടങ്ങളോട് ചേർന്ന് ശിശു പരിപാലന കേന്ദ്രങ്ങൾ സ്ഥാപിച്ചു. കഴിഞ്ഞവർഷം നടപ്പിലാക്കിയ സംരംഭക വർഷം പദ്ധതിയിലൂടെ പതിനായിരക്കണക്കിന് സ്ത്രീകളാണ് സംരംഭകരായി മാറിയത്. വായ്പ്പയിൽ മാത്രം ഒതുങ്ങാതെ ഇവർക്ക് ആവശ്യമായ മാർഗ നിർദ്ദേശങ്ങളും നൽകിവരുന്നു. ടേക്ക് എ ബ്രേക്ക് പദ്ധതിയിലൂടെ വഴിയോരങ്ങളിൽ ശുചിമുറികൾ സ്ഥാപിച്ചു. സ്ത്രീകൾക്ക് സുരക്ഷിത താമസസൗകര്യം ഒരുക്കുന്നതിന് വിവിധ കേന്ദ്രങ്ങൾ സ്ഥാപിച്ചു. ട്രാൻസ്ജെൻഡർ വ്യക്തികൾക്കായും സർക്കാർ നിരവധി പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്. നവകേരള നിർമ്മാണ പ്രക്രിയയിൽ മുന്നിൽനിന്ന് പങ്കുവഹിക്കേണ്ട വിഭാഗമാണ് സ്ത്രീകൾ. സ്ത്രീ ശാക്തീകരണ പ്രക്രിയയുടെ പുതിയൊരു അധ്യായമാണ് നവകേരള സ്ത്രീ സദസ്സ് എന്നും മന്ത്രി പറഞ്ഞു.