ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ചീഫ് ഇലക്ടറൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ മാർ ഇവാനിയോസ് കോളജിൽ തിരഞ്ഞെടുപ്പ് ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തി. വോട്ട് ചെയ്യേണ്ട പ്രാധാന്യവും വോട്ട് ചെയ്യുന്ന രീതിയും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന വോട്ട് വണ്ടിയിലൂടെ വിദ്യാർത്ഥികൾക്ക് വോട്ട് ചെയ്യേണ്ട രീതി സംബന്ധിച്ച് നേരിട്ട് മനസ്സിലാക്കുന്നതിന് അവസരം ഒരുക്കി. 18 വയസ്സ് പൂർത്തിയായ എല്ലാവരും വോട്ടർ പട്ടികയിൽ പേര് ചേർക്കുകയും വോട്ടവകാശം വിനിയോഗിക്കുകയും ചെയ്യണമെന്ന് അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫീസർ സി. ഷർമിള പറഞ്ഞു. മാർ ഇവാനിയോസ് കോളേജ് പ്രിൻസിപ്പൽ ഫാ. വിൻസി വർഗീസ് അധ്യക്ഷത വഹിച്ചു . ചാക്യാർകൂത്ത്, സെൽഫി പോയിന്റ്, സിഗ്‌നേച്ചർ വാൾ തുടങ്ങിയവയും പരിപാടിയോട് അനുബന്ധിച്ച് ഒരുക്കിയിരുന്നു.
