ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഊര്‍ജ്ജിത വയറിളക്കരോഗ നിയന്ത്രണ പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ബോധവത്ക്കരണ സെമിനാറും നടന്നു. മാനന്തവാടി ഗവ മെഡിക്കല്‍ കോളേജ് സ്‌കില്‍ ലാബില്‍ നടന്ന ജില്ലാതല ഉദ്ഘാടനം ഒ.ആര്‍ കേളു എം.എല്‍.എ നിര്‍വഹിച്ചു. ഫെബ്രുവരി 28 വരെയാണ് ഊര്‍ജിത വയറിളക്ക രോഗ നിയന്ത്രണ പക്ഷാചരണം നടക്കുക.
വയറിളക്കം മൂലമുള്ള ശിശുമരണം ഇല്ലാതാക്കുക, വയറിളക്ക രോഗമുള്ള കുട്ടികള്‍ക്ക് ഒ.ആര്‍.എസ്,സിങ്ക് ഗുളിക എന്നിവ നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കുക, യഥാസമയം ചികിത്സ നല്‍കേണ്ടതിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളില്‍ അവബോധം സൃഷ്ടിക്കുകയാണ് പക്ഷാചരണത്തിന്റെ ലക്ഷ്യം. ഓ .ആര്‍.എസ് തയ്യാറാക്കുന്നതിന്റെ രീതി, യഥാസമയം നല്‍കേണ്ടതിന്റെ പ്രാധാന്യം എന്നിവയെ കുറിച്ച് രക്ഷകര്‍ത്താക്കളെ ബോധവല്‍ക്കരിക്കുക, ആരോഗ്യ കേന്ദ്രങ്ങളില്‍ ഒ.ആര്‍.എസ് സിങ്ക് കോര്‍ണര്‍ സജ്ജീകരിക്കുക തുടങ്ങിയവ പക്ഷാചരണത്തിന്റെ ഭാഗമായി നടത്തുന്ന പ്രവര്‍ത്തനങ്ങളാണ്.
പക്ഷാചരണത്തിന്റെ ഭാഗമായി കുട്ടികളിലെ വയറിളക്കരോഗ പ്രതിരോധം നിയന്ത്രണം എന്ന വിഷയത്തില്‍ ബോധവത്ക്കരണ ക്ലാസ്സും ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപന്യാസ രചനാ മത്സരവും സംഘടിപ്പിച്ചു. വിജയികള്‍ക്ക് ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി അധ്യക്ഷയായ പരിപാടിയില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫാത്തിമ്മ ടീച്ചര്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പ്രീയസേനന്‍, ആശുപത്രി സൂപ്രണ്ട് ഡോ. വി.പി രാജേഷ്, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ഡെപ്യൂട്ടി ജില്ലാ എജുക്കേഷൻ ആൻഡ് മീഡിയാ ഓഫീസർ കെ. എം മുസ്തഫ,ഐ.എ.പി ജില്ലാ പ്രസിഡന്റ് ഡോ.നിമ്മി, ഡോ. പി ചന്ദ്രശേഖരന്‍, ഡോ. പി നാരായണന്‍ നായര്‍, ഡോ. സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, അങ്കണവാടി ജീവനക്കാര്‍, എച്ച്.ഡി.എസ് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.