അരീക്കോട് താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗം ഉടൻ പ്രവർത്തനമാരംഭിക്കും. കീഴുപറമ്പ് സ്വദേശി ന്യൂനപക്ഷ കമ്മീഷനിൽ നൽകിയ പരാതിയെ തുടർന്നാണ് അത്യഹിത വിഭാഗം പ്രവർത്തനമാരംഭിക്കാൻ തീരുമാനിച്ചത്. കമ്മീഷൻ അംഗം എ സൈഫുദ്ദീൻ മലപ്പുറത്ത് നടത്തിയ സിറ്റിങിൽ ആശുപത്രിയിൽ കൂടുതൽ ജീവനക്കാരെ നിയമിച്ചതായി ഡെപ്യൂട്ടി ഡി.എം.ഒ അറിയിച്ചു. ജീവനക്കാരുടെ കുറവ് മൂലം ആശുപത്രിയിൽ രാത്രി എട്ടിന് ശേഷം ചികിത്സ നൽകാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് കീഴുപറമ്പ് സ്വദേശി ന്യൂനപക്ഷ കമ്മീഷനെ സമീപിക്കുകയായിരുന്നു.
പത്തുവർഷം മുമ്പാണ് അരീക്കോട് കമ്യൂണിറ്റി ഹെൽത്ത് സെന്റർ താലൂക്ക് ആശുപത്രിയായി ഉയർത്തിയത്. ഭിന്നശേഷി സംവരണം നടപ്പാക്കുമ്പോൾ നിലവിൽ സംവരണം ലഭിക്കുന്ന വിഭാഗങ്ങൾക്ക് കുറവ് വരില്ലെന്ന് കേരള മുസ്ലിം ജമാഅത്ത് നൽകിയ പരാതിക്ക് മറുപടിയായി അഡീഷനൽ ചീഫ് സെക്രട്ടറി കമ്മീഷനെ അറിയിച്ചു.
എ.ആർ നഗർ ഗ്രാമ പഞ്ചായത്തിൽ ആരാധനാലയം നിർമിക്കാൻ നൽകിയ അനുമതി പിൻവലിച്ചത് സംബന്ധിച്ച പരാതിയിൽ പഞ്ചായത്ത് സെക്രട്ടറിയോട് വിശദീകരണം തേടി. എടക്കര മണിമൂളി സ്വദേശിയുടെ അക്കൗണ്ടിൽ നിന്നും ബാങ്ക് സെക്യൂരിറ്റി ജീവനക്കാരൻ പണം തട്ടിയെന്ന പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്താൻ പൊലീസിനോട് ആവശ്യപ്പെട്ടു. 15 പരാതികളാണ് സിറ്റിങിൽ പരിഗണിച്ചത്. ഇതിൽ എട്ടെണ്ണം തീർപ്പാക്കി. ശേഷിക്കുന്നവ അടുത്ത സിറ്റിങിൽ പരിഗണിക്കും.