മലപ്പുറം ജില്ലയിൽ രണ്ട് കെട്ടിടങ്ങളുടെ ഉദ്ഘാടനവും 13 കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നടക്കും
പൊതു വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്ന വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് നിർമ്മാണം പൂർത്തിയാക്കിയ 68 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 33 കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും ഫെബ്രുവരി 26ന് വൈകീട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയിൽ പണി പൂർത്തീകരിച്ച രണ്ട് കെട്ടിടങ്ങളുടെ ഉദ്ഘാടനവും 13 കെട്ടിടങ്ങളുടെ ശിലാസ്ഥാപനവുമാണ് മുഖ്യമന്ത്രി നിർവഹിക്കുക. പൊന്നാനി മണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് പാലപ്പെട്ടി, ഏറനാട് മണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് വെറ്റിലപ്പാറ എന്നിവയാണ് ഉദ്ഘാടനം ചെയ്യുന്ന സ്‌കൂൾ കെട്ടിടങ്ങൾ.

നവകേരള കർമ്മ പദ്ധതി രണ്ടിന്റെ ഭാഗമായി വിദ്യാകിരണം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കിഫ്ബി, നബാർഡ്, പ്ലാൻ ഫണ്ട് എന്നിവ ഉൾപ്പടെ കെട്ടിടങ്ങൾക്ക് തുക അനുവദിച്ചത്. പൊന്നാനി മണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് പാലപ്പെട്ടിയിൽ ഒരു കോടി രൂപ ഉപയോഗിച്ച് മൂന്ന് നിലകളിലായി രണ്ട് ക്ലാസ് മുറികളും ലാബ്, ലൈബ്രറി, ഹാൾ എന്നിവയാണ് സജ്ജീകരിച്ചിരിക്കുന്നത്. ഏറനാട് മണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് വെറ്റിലപ്പാറയിൽ രണ്ടു കോടി നബാഡ് ഫണ്ട് ഉപയോഗിച്ചാണ് മൂന്ന് നിലകളിലായി ഒമ്പത് ക്ലാസ് മുറികളുള്ള കെട്ടിടം നിർമ്മിച്ചത്. ഇതോടൊപ്പം കിഫ്ബി ഫണ്ടുപയോഗിച്ച് 13 പുതിയ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും ജില്ലയിൽ നടക്കും. മൂന്ന് കോടി വീതം ചെലവഴിച്ച് നിർമിക്കുന്ന ഒമ്പത് കെട്ടിടങ്ങളും ഒരു കോടി രൂപ വീതം ചെലവഴിച്ച് നാല് കെട്ടിടങ്ങളുമാണ് പുതുതായി നിർമ്മിക്കുന്നത്.

മൂന്നു കോടിയുടെ കെട്ടിടങ്ങൾ
തിരൂർ മണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് ആതവനാട്, ജി.വി.എച്ച്.എസ്.എസ് പറവണ്ണ, താനൂർ മണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് നിറമരുതൂർ, ജി.എച്ച്.എസ് മീനടത്തൂർ, തിരൂരങ്ങാടി മണ്ഡലത്തിലെ ജി.യു.പി.എസ് ക്ലാരി, വള്ളിക്കുന്ന് മണ്ഡലത്തിലെ ജി.എം.യു.പി.എസ് പാറക്കടവ്, കൊണ്ടോട്ടി മണ്ഡലത്തിലെ ജി.വി.എച്ച്.എസ് ഓമാനൂർ, മലപ്പുറം മണ്ഡലത്തിലെ ജി.ബി.എച്ച്.എസ്.എസ് മലപ്പുറം, ജി.വി.എച്ച്.എസ്.എസ് പുല്ലാനൂർ.
ഒരു കോടിയുടെ കെട്ടിടങ്ങൾ
താനൂർ മണ്ഡലത്തിൽ ജി.യു.പി.എസ് കരിങ്കപ്പാറ, വള്ളിക്കുന്ന് മണ്ഡലത്തിൽ ജി.എൽ.പി.എസ് സി.യു ക്യാമ്പസ്, ജി.എൽ.പി.എസ് പറമ്പിൽപീടിക, വണ്ടൂർ മണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് പോരൂർ.
മലപ്പുറം ജില്ലയിൽ തുക അനുവദിച്ചത് 167 വിദ്യാലയങ്ങൾക്ക്
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെയും അതിന്റെ തുടർച്ചയായി വന്ന വിദ്യാകിരണം പദ്ധതിയുടെയും ഭാഗമായി മലപ്പുറം ജില്ലയിൽ 167 വിദ്യാലയങ്ങൾക്കാണ് തുക അനുവദിച്ചത്. ഇതിൽ അഞ്ചു കോടി രൂപ വീതം ചെലവഴിച്ച് 16 കെട്ടിടങ്ങൾ നിർമ്മാണം പൂർത്തിയാക്കി  ഉദ്ഘാടനം ചെയ്തതായി വിദ്യാകിരണം ജില്ലാ കോർഡിനേറ്റർ സുരേഷ് കൊളശ്ശേരി അറിയിച്ചു. മൂന്നു കോടിയുടെ 86 കെട്ടിടങ്ങൾക്കാണ് ഫണ്ട് അനുവദിച്ചിരുന്നത്. ഇതിൽ 34 കെട്ടിടങ്ങളുടെ ഉദ്ഘാടനങ്ങൾ നടന്നു. ഒരു കോടിയുടെ 65 കെട്ടിടങ്ങൾക്ക് ഫണ്ട് അനുവദിച്ചതിൽ 33 കെട്ടിടങ്ങളുടെ നിർമ്മാണവും പൂർത്തിയായിട്ടുണ്ട്.