*ജീവനോപാധി വികസന കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു
പ്രളയത്തില്‍ സമാനതകളില്ലാത്ത ദുരിതമനുഭവിച്ചവര്‍ക്ക് ജീവനോപാധി വികസനത്തിന് സുസ്ഥിരമാര്‍ഗങ്ങള്‍ കണ്ടെത്താന്‍ നടപടി സ്വീകരിച്ചു വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ജീവനോപാധി വികസന കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൂടുതല്‍ മെച്ചപ്പെട്ട ഒരു സംസ്ഥാനമായാണ് കേരളത്തെ പുനര്‍നിര്‍മിക്കേണ്ടത്. അത് എങ്ങനെ വേണമെന്ന തീരുമാനത്തിലെത്താനായി കേരളപ്പിറവിദിനത്തില്‍ ജീവനോപാധി വികസന പാക്കേജ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചതില്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവിധ മേഖലകളില്‍ വന്‍ നാശനഷ്ടമാണുണ്ടായത്. നാണ്യവിളകള്‍ക്ക് ഉണ്ടായ നാശനഷ്ടത്തിന്റെ ആഘാതം ദീര്‍ഘകാലം കര്‍ഷകര്‍ അനുഭവിക്കേണ്ടിവരും. വീടിന്റെ വരുമാനമാര്‍ഗമായിരുന്ന കന്നുകാലികളും കോഴികളും നശിച്ചുപോയതും കുടുംബങ്ങളെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ചെറുകിട കച്ചവടക്കാര്‍, കൈത്തറിത്തൊഴിലാ ളികള്‍ എന്നിവരെല്ലാം വലിയ പ്രതിസന്ധി നേരിടുകയാണ്.
ജീവനോപാധികള്‍ പുനര്‍നിര്‍മിക്കാന്‍ നാലായിരത്തോളം കോടി രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഉപജീവനമാര്‍ഗം നഷ്ടമായവര്‍ക്ക് എങ്ങനെ ലഭ്യമാക്കാം എന്ന് ചര്‍ച്ച ചെയ്യണമെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദുരന്തങ്ങളെ വിജയകരമായി അഭിമുഖീകരിച്ച മാതൃകകള്‍ നമ്മുടെ സംസ്ഥാനത്തും പ്രാവര്‍ത്തികമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആധുനിക വിവരസാങ്കേതിക വിദ്യകളെ എത്രത്തോളം ഉപയോഗപ്പെടുത്താനാവുമെന്നും സഹകരണമേഖലയുടെ സാധ്യതകളെ എങ്ങനെ ഉപയോഗപ്പെടുത്തണമെന്നും ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും മാര്‍ക്കറ്റിംഗ് എങ്ങനെ നടപ്പാക്കാമെന്നും ജീവനോപാധി വികസന പാക്കേജ് കോണ്‍ഫറന്‍സില്‍ ചര്‍ച്ച ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി ജീവനോപാധി വികസന പാക്കേജ് രൂപീകരിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചതെന്ന് ആസൂത്രണബോര്‍ഡ് ഉപാധ്യക്ഷന്‍ ഡോ. വി.കെ. രാമചന്ദ്രന്‍ പറഞ്ഞു.
ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ ആവശ്യമായ വിവിധതരത്തിലുള്ള തൊഴിലുകള്‍ ഉള്‍ക്കൊള്ളുന്ന ജീവനോപാധികളാണ് കോണ്‍ഫറന്‍സില്‍ പരിശോധിച്ചത്. ജീവനോപാധികളുടെയും തൊഴിലവസരത്തിന്റെയും ഉദ്യമങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനും  സഹായ സ്രോതസ്സുകള്‍ തേടുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ജീവനോപാധി വികസന പാക്കേജ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ആറു ജില്ലകള്‍ക്കു വേണ്ട പ്രത്യേക പാക്കേജുകള്‍ വികസിപ്പിക്കാന്‍ വായ്പാ പദ്ധതികള്‍ രൂപീകരിക്കും. ഗ്രാന്റുകള്‍, ആനുകൂല്യങ്ങളുള്ള വായ്പ, കടത്തിന്റെ മോറട്ടോറിയം എന്നിവ ഉള്‍പ്പെടുത്തിയ ഒരു പാക്കേജ് ആണ് വായ്പാ പദ്ധതികളില്‍ പെടുത്തുന്നത്.  വകുപ്പ് ഉദ്യോഗസ്ഥര്‍, ബാങ്ക് ഉദ്യോഗസ്ഥര്‍, ജില്ലാ പ്രതിനിധികള്‍, എന്നിവരുമായി വ്യാപകമായ ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് ജില്ലാ തലത്തില്‍ പദ്ധതി തയ്യാറാക്കുന്നതെന്നും ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ പറഞ്ഞു.
ചീഫ് സെക്രട്ടറി ടോം ജോസ്, യുഎന്‍ വികസന പദ്ധതി കണ്‍ട്രി ഡയറക്ടര്‍ ഫ്രാന്‍സീന്‍ പികപ്, എന്നിവര്‍ സംസാരിച്ചു. ജീവനോപാധി ആസൂത്രണം സംബന്ധിച്ച് ആസൂത്രണ ബോര്‍ഡ് അംഗം ഡോ. ആര്‍. രാംകുമാര്‍ വിഷയം അവതരിപ്പിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത അധ്യക്ഷത വഹിച്ചു. പ്രളയശേഷം ജീവനോപാധി പുനര്‍നിര്‍മാണം സംബന്ധിച്ച പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഫ്രാന്‍സീന്‍ പികപ് വിശദീകരിച്ചു. ഓള്‍ ഇന്ത്യാ ഡിസാസ്റ്റര്‍ മിറ്റിഗേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എക്സിക്യുട്ടിവ് ഡയറക്ടര്‍ മിഹിര്‍ഭട്ട്, റിക ഇന്ത്യ പ്രൈ. ലി. സ്ഥാപകന്‍ ഡോ. റണിത് ചാറ്റര്‍ജി, ടാറ്റ ട്രസ്റ്റ്സ് റൂറല്‍ അപ് ലിഫ്റ്റ്മെന്റ് മേധാവി മാളവിക ചൗഹാന്‍, ഓക്സ്ഫാം ഇന്ത്യ കോ ഓര്‍ഡിനേറ്റര്‍ ഭാസ്വര്‍ ബാനര്‍ജി എന്നിവര്‍ സംസാരിച്ചു.