വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം നിർവഹിക്കും
വേങ്ങര, തിരുവാലി 110 കെ.വി സബ് സ്‌റ്റേഷനുകളുടെ നിർമാണോദ്ഘാടനം ഫെബ്രുവരി 26ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കും. തിരുവാലി 110 കെ.വി സബ് സ്‌റ്റേഷന്റെ ഉദ്ഘാടനം രാവിലെ പത്തിന് തിരുവാലി ഗ്രാൻഡ് ഓഡിറ്റോറിയത്തിലും വേങ്ങര 110 കെ.വി സബ്‌സ്‌റ്റേഷന്റെ ഉദ്ഘാടനം ഉച്ചയ്ക്ക് 12ന് ഊരകം സുൽത്താൻ കാസിൽ ഓഡിറ്റോറിയത്തിലുമാണ് നടക്കുക.
വേങ്ങരയിൽ 24 കോടി രൂപ മുതൽമുടക്കിൽ നിർമ്മിക്കുന്ന പുതിയ സബ്‌സ്റ്റേഷൻ ഒന്നര വർഷംകൊണ്ട് യാഥാർഥ്യമാക്കപ്പെടുന്ന രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. മലപ്പുറം ജില്ലയുടെ മധ്യഭാഗത്തെ വേങ്ങര, ഊരകം, കണ്ണമംഗലം, എ.ആർ നഗർ, ഒതുക്കുങ്ങൽ, പറപ്പൂർ തുടങ്ങിയ പഞ്ചായത്തുകളുടെ പരിധിയിലെ വൈദ്യുതി വിതരണശൃംഖല ശക്തിപ്പെടുത്തുന്നതിനു വേണ്ടിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ അധ്യക്ഷത വഹിക്കും. ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി മുഖ്യാതിഥിയാവും.

12.5 കോടി ചെലവഴിച്ചാണ് തിരുവാലി 110 കെ.വി സബ് സ്‌റ്റേഷൻ നിർമിക്കുന്നത്. സമീപ പ്രദേശങ്ങളിലുള്ള ഒരു ലക്ഷത്തോളം ഗുണഭോക്താക്കൾക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. ഉദ്ഘാടന ചടങ്ങിൽ എ.പി അനിൽകുമാർ എം.എൽ.എ അധ്യക്ഷത വഹിക്കും. രാഹുൽ ഗാന്ധി എം.പി മുഖ്യാതിഥിയാവും.