സ്വന്തം വീടിന്റെ തണലില്‍ ഇനി അന്തിയുറങ്ങാം എന്ന ആശ്വാസത്തിലാണ് ആശ്രിതരില്ലാത്ത ദമ്പതികളായ ലിസിയും പീറ്ററും. ലൈഫ് മിഷന്‍ പദ്ധതി വഴി കുന്നുകര ഗ്രാമപഞ്ചായത്തിലെ നോര്‍ത്ത് കുത്തിയതോടില്‍ ഇവര്‍ക്ക് സ്വന്തം വീട് യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. വര്‍ഷങ്ങളായി വാടക വീട്ടിലാണ് കല്ലോടി പീറ്റര്‍ ദേവസിയും ഭാര്യ ലിസിയും താമസിക്കുന്നത്. പീറ്ററിന് പ്രമേഹം മൂര്‍ച്ഛിച്ച് കാലു മുറിച്ചു മാറ്റേണ്ടി വന്നതോടെ ഈ കുടുംബം ദുരിതത്തിലായി. പിന്നീട് സ്‌ട്രോക്ക് വന്ന് സംസാരശേഷി നഷ്ടപ്പെടുകയും ശരീരത്തിന് തളര്‍ച്ച ബാധിക്കുകയും ചെയ്തതോ െലിസിക്കും ജോലിക്ക് പോകാന്‍ കഴിയാത്ത അവസ്ഥയായി.

മക്കളില്ലാത്ത ഇവര്‍ സുമനസ്സുകളുടെ സഹായത്തോടെയാണ് കുടുംബത്തിന്റെ നിത്യ ചെലവുകള്‍ കണ്ടെത്തുന്നത്. കിടപ്പുരോഗിയായ പീറ്ററിനെ ശുശ്രൂഷിക്കേണ്ടത് കൊണ്ട് ജോലിക്ക് പോകാന്‍ കഴിയാതെ പ്രതിസന്ധിയിലാണ് ലിസിയും. നിത്യ ചെലവിനും ചികിത്സയ്ക്കുള്ള തുകയും മാസാമാസം വാടക തുകയും കണ്ടെത്തുക എന്നത് ഏറെ ബുദ്ധിമുട്ടായിരുന്നു. വാടകവീട്ടില്‍ നിന്നും ഇനി സ്വന്തം വീടിന്റെ സുരക്ഷിതത്തില്‍ ഉറങ്ങാം എന്നത് ഏറെ സന്തോഷവും ആശ്വാസവും തരുന്നുണ്ടെന്ന് ലിസി പറഞ്ഞു.

കൂട്ടായ്മയുടെ വിജയമായി ലൈഫ് മിഷന്‍ പദ്ധതി പ്രകാരം കുന്നുകര ഗ്രാമപഞ്ചായത്തില്‍ 50 കുടുംബങ്ങളുടെ സ്വന്തം വീട് എന്ന സ്വപ്നമാണ് യാഥാര്‍ത്ഥ്യമായിരിക്കുന്നത്. മികച്ച രീതിയില്‍ സ്വീകരണ മുറി, രണ്ട് കിടപ്പുമുറി, അടുക്കള തുടങ്ങിയ സൗകര്യങ്ങളോടെയാണ് വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായിരിക്കുന്നത്.

കുന്നുകര ഗ്രാമപഞ്ചായത്ത്, കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍, ശ്രീനാരായണ മെഡിക്കല്‍ കോളേജ് എന്നിവര്‍ സംയുക്തമായാണ് ഭൂമി വാങ്ങിയത്. സംസ്ഥാന സര്‍ക്കാര്‍, ത്രിതല പഞ്ചായത്തുകള്‍, ചിറ്റിലപ്പിളളി ഫൗണ്ടേഷന്‍, അര്‍ജ്ജുന എന്റര്‍പ്രൈസസ് എന്നിവരുടെ സഹായവും, ഹഡ്‌കോ വായ്പ തുകയും ഉപയോഗിച്ചാണ് ഭവനങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.