കേരളത്തിലെ എല്ലാ കുടുംബങ്ങളിലും കുടിവെള്ളം ഉറപ്പാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ജലജീവന്‍മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോട്ടപ്പടി പഞ്ചായത്തില്‍ പൂര്‍ത്തീകരിച്ച സമഗ്ര കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ രണ്ട് വര്‍ഷക്കാലം കൊണ്ട് സംസ്ഥാനത്ത് ഏകദേശം 18 ലക്ഷം പുതിയ കുടിവെള്ള കണക്ഷനുകള്‍ നല്‍കാന്‍ കഴിഞ്ഞു. നിലവില്‍ 36 ലക്ഷത്തോളം കുടുംബങ്ങളിലാണ് കുടിവെള്ളം എത്തുന്നത്. വരുന്ന രണ്ട് വര്‍ഷം കൊണ്ട് സംസ്ഥാനത്ത് സമ്പൂര്‍ണമായി കുടിവെള്ള കണക്ഷനുകള്‍ നല്‍കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ നാട്ടില്‍ ശുദ്ധജലക്ഷാമം ഉണ്ടാകുമെന്നത് അത്ര പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു. എന്നാല്‍ ഈ പ്രശ്‌നം വര്‍ദ്ധിച്ചു വരാനുള്ള സാധ്യതയാണ് കാണുന്നത്. ഭൂഗര്‍ഭ ജലത്തിന്റെ അളവ് കുറയുകയും സമുദ്രത്തിലെ ജലനിരപ്പ് കൂടുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതുകൊണ്ടുതന്നെയാണ് കുടിവെള്ള ലഭ്യത എന്നത് ഏറെ ഗൗരവമുള്ള വിഷയമായി സര്‍ക്കാര്‍ പരിഗണിച്ചത്.

ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും കൂട്ടായ പ്രവര്‍ത്തനം കൊണ്ടാണ് കോട്ടപ്പടിയില്‍ ഇത്തരമൊരു പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയായത്. കഴിഞ്ഞവര്‍ഷം നവംബറിലാണ് ഈ പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിച്ചത്. ഏതാണ്ട് ഒന്നേകാല്‍ വര്‍ഷം കൊണ്ട് ഇത്രയും ബൃഹത്തായ ഒരു പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞത് ഏറെ സന്തോഷമുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും കോട്ടപ്പടി പഞ്ചായത്തും പൊതുജന പങ്കാളിത്തത്തിലൂടെ നടപ്പിലാക്കിയ ഈ പദ്ധതിയിലൂടെ കോട്ടപ്പടി പഞ്ചായത്തിലെ എല്ലാ ഗ്രാമീണഭവനങ്ങളിലും കുടിവെള്ളം എത്തിക്കുക എന്നതാണ് ലക്ഷ്യമിട്ടിരുന്നത്. രണ്ട് ഘട്ടങ്ങളിലായി ഏകദേശം പന്ത്രണ്ടേകാല്‍ കോടിരൂപ ചെലവിലാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. കുടിവെള്ള ക്ഷാമം രൂക്ഷമായ പുല്ലുവഴിച്ചാല്‍, ചേലക്കപ്പിള്ളി, വാവേലി എന്നീ പ്രദേശങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുന്നതിനായി 50,000 ലിറ്റര്‍ സംഭരണശേഷിയുള്ള ഭൂതലജലസംഭരിണിയും 30,000 ലിറ്റര്‍ സംഭരണ ശേഷിയുള്ള ഭൂഗര്‍ഭജല സംഭരിണിയും പമ്പ് ഹൗസും അനുബന്ധ സൗകര്യങ്ങളും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ കോട്ടപ്പടിയില്‍ 1,00,000 ലിറ്റര്‍ സംഭരണശേഷിയുള്ള ജലസംഭരണിയും, പ്ലാമുടിയില്‍ 50,000 ലിറ്റര്‍ സംഭരണശേഷിയുള്ള ഭൂഗര്‍ഭസംഭരിണിയും പമ്പ് ഹൗസും, 26 കിലോമീറ്റര്‍ ദൂരത്തില്‍ വിതരണ ശൃംഖലയും ക്രമീകരിച്ചിട്ടുണ്ട്. ജലജീവന്‍ മിഷന്‍ പദ്ധതി വഴി കോട്ടപ്പടി പഞ്ചായത്തില്‍ ഇതുവരെ 1430 കുടിവെള്ള കണക്ഷനുകള്‍ നല്‍കിയിട്ടുണ്ട്.

കോട്ടപ്പടി ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന് സമീപം സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങില്‍ ആന്റണി ജോണ്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യാഥിതിയായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി, വൈസ് പ്രസിഡന്റ് മെറ്റിന്‍ മാത്യു, കേരള വാട്ടര്‍ അതോറിറ്റി ബോര്‍ഡ് മെമ്പര്‍ ഉഷാലയം ശിവരാജന്‍, ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലിം, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ അനു വിജയനാഥ്, ആഷ ജെയിംസ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ജിജി സജീവ്, സാറാമ്മ ജോണ്‍, സണ്ണി വര്‍ഗീസ്, വാട്ടര്‍ അതോറിറ്റി മധ്യമേഖല ചീഫ് എഞ്ചിനീയര്‍ വി.കെ പ്രദീപ്, വാട്ടര്‍ അതോറിറ്റി മുവാറ്റുപുഴ സര്‍ക്കിള്‍ സൂപ്രണ്ടിങ് എഞ്ചിനീയര്‍ കെ.എസ് പ്രവീണ്‍, മറ്റ് ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.