ജല ജീവന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കീരംപാറ പഞ്ചായത്തില്‍ നടപ്പാക്കുന്ന സമഗ്ര കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. എല്ലാവര്‍ക്കും കുടിവെള്ളം ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഉദ്ഘാടന ചടങ്ങില്‍ അദ്ദേഹം പറഞ്ഞു.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും കീരംപാറ പഞ്ചായത്തും പൊതുജന പങ്കാളിത്തത്തിലൂടെ നടപ്പിലാക്കുന്ന പദ്ധതിയിലൂടെ കീരംപാറ പഞ്ചായത്തിലെ എല്ലാ ഗ്രാമീണ ഭവനങ്ങളിലും കുടിവെള്ളം എത്തിക്കുക എന്നതാണ് ലക്ഷ്യമിട്ടിരിക്കുന്നത്. കുടിവെള്ളക്ഷാമം രൂക്ഷമായ പഞ്ചായത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി 25.24 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
പെരിയാറിലെ കാളകടവിനെ ജലസ്രോതസ്സാക്കി 3.5 എം.എല്‍.ഡിയുടെ ജലശുദ്ധീകരണശാല, പുന്നേക്കാട് നിര്‍മ്മിക്കാനും വിവിധ ഭാഗങ്ങളില്‍ ജലസംഭരണികള്‍ നിര്‍മ്മിച്ച് പഞ്ചായത്തിന്റെ എല്ലാ ഭാഗത്തും വിതരണ ശൃംഘല സ്ഥാപിക്കാനുമായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ പഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരാമാകും.
വെളിയച്ചാല്‍ സെന്റ്. ജോസഫ് ചര്‍ച്ച് ഫെറോന ഓഡിറ്റോറിയത്തില്‍ നടന്ന നിര്‍മ്മാണ ഉദ്ഘാടന ചടങ്ങില്‍ ആന്റണി ജോണ്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാമച്ചന്‍ ജോസഫ്, കേരള വാട്ടര്‍ അതോറിറ്റി ബോര്‍ഡ് മെമ്പര്‍ ഉഷാലയം ശിവരാജന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ കെ.കെ ദാനി, റഷീദ സലിം, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന റോജോ, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോമി തെക്കേക്കര, ബ്ലോക്ക് മെമ്പര്‍ ലിസി ജോസഫ്, വാട്ടര്‍ അതോറിറ്റി മധ്യമേഖല ചീഫ് എന്‍ജിനീയര്‍ വി.കെ പ്രദീപ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സിനി ബിജു, ജിജോ ആന്റണി, മഞ്ജു സാബു, പഞ്ചായത്ത് അംഗങ്ങള്‍, മറ്റ് ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. പദ്ധതിയ്ക്ക് സ്ഥലം വിട്ടു നല്‍കിയ ബേബി മാത്യു അറമ്പന്‍കുടി, കെ.ഡി വര്‍ഗീസ് കരുളി പറമ്പില്‍, ആന്റോ ആന്റണി ഓലിയപ്പുറം, മാര്‍ട്ടിന്‍ കീഴേമാടന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.