2000 റസിഡൻ്റ്സ് അസോസിയേഷൻ പ്രതിനിധികൾ പങ്കെടുക്കും; അവലോകന യോഗം ചേർന്നു
റസിഡന്റ്സ് അസോസിയേഷന്‍ പ്രതിനിധികളുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുമായി 2000 പേർ പങ്കെടുക്കുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. നവകേരള സദസ്സിന്റെ തുടര്‍ച്ചയായി സംഘടിപ്പിക്കുന്ന റസിഡന്റ്സ് അസോസിയേഷന്‍ പ്രതിനിധികളുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖത്തിൻ്റെ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ടൗൺഹാളിൽ സംഘടിപ്പിച്ച അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
മാര്‍ച്ച് മൂന്നിന് എറണാകുളം കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാവിലെ 9 ന് റസിഡന്റ്സ് അസോസിയേഷന്‍ പ്രതിനിധികളുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി ആരംഭിക്കും. ഹരിതചട്ടം പാലിച്ചായിരിക്കും പരിപാടി നടത്തുക. പരിപാടിയിൽ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ട വിഷയങ്ങള്‍ സംക്ഷിപ്തമായി അവതരിപ്പിക്കാം. 50 ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി വേദിയിൽ മറുപടി നൽകും. ബാക്കി ചോദ്യങ്ങൾ എഴുതി നൽകുന്നതിന് അനുസരിച്ച് മുഖ്യമന്ത്രി രേഖാമൂലം മറുപടി നൽകുമെന്നും മന്ത്രി പറഞ്ഞു.
കാസർകോഡ് – 10, കണ്ണൂർ -120, വയനാട് – 10, കോഴിക്കോട് – 150, മലപ്പുറം – 150 , തൃശൂർ -150, പാലക്കാട് – 50, എറണാകുളം – 1000, ഇടുക്കി – 10, ആലപ്പുഴ -150, കോട്ടയം – 50 ,പത്തനംത്തിട്ട – 10, കൊല്ലം – 100,തിരുവനന്തപുരം – 150, എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ നിന്ന് പരിപാടിയിൽ പങ്കെടുക്കുന്ന റസിഡൻ്റ്സ് അസോസിയേഷൻ ഭാരവാഹികളുടെ എണ്ണം.
മുഖാമുഖം പരിപാടി നടത്തിപ്പുമായി ബന്ധപെട്ട് സംഘാടക സമിതി അംഗങ്ങളെ നേരത്തെ തീരുമാനിച്ചിരുന്നു. കൊച്ചി കോർപ്പറേഷൻ മേയർ എം. അനിൽകുമാർ ചെയർമാനാണ്. ജില്ലാകളക്ടർ എൻ.എസ്.കെ. ഉമേഷാണ് നോഡൽ ഓഫീസർ.
അവലോകന യോഗത്തിൽ മേയർ എം. അനിൽകുമാർ, തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിന്‍സില്‍ ഡയറക്ടര്‍ എം.ജി. രാജമാണിക്യം, ജില്ലാ കളക്ടർ എന്‍.എസ്.കെ. ഉമേഷ്, വികസനസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ റെനീഷ്, കൊച്ചി സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് സി.ഇ. ഒ. ഷാജി. വി. നായര്‍, കോണ്‍ഫെഡറേഷന്‍ ഓഫ് റസിഡെൻ്റ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സി. അജിത് കുമാര്‍, സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് മുരളീധരന്‍ പുതുക്കുടി, സംസ്ഥാന ട്രഷറര്‍ രംഗദാസ പ്രഭു തുടങ്ങിയവര്‍ അവലോകന യോഗത്തിൽ പങ്കെടുത്തു.
2024 ഫെബ്രുവരി 18 മുതല്‍ വിവിധ ജില്ലകളിലായി നടന്നു വരുന്ന മുഖാമുഖം പരിപാടി മാർച്ച് 3 ന് അവസാനിക്കും.
വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍, സ്ത്രീകള്‍, ആദിവാസികള്‍, ദളിത് വിഭാഗങ്ങള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, ഭിന്നശേഷിക്കാര്‍, പെന്‍ഷന്‍കാര്‍, വയോജനങ്ങള്‍, തൊഴിലാളികള്‍, കര്‍ഷകര്‍, റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവരാണ് വിവിധ ജില്ലകളിലായി പരിപാടിയില്‍ പങ്കെടുത്തത്.