കാക്കനാട് റീജിയണൽ അനലിറ്റിക്കൽ ലബോറട്ടറിയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിനായി സജ്ജീകരിച്ച മൈക്രോബയോളജി ഫുഡ് ടെസ്റ്റിംഗ് ലാബ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു. ഓൺലൈനായാണ് ഉദ്ഘാടനം നിർവഹിച്ചത്.
ഭക്ഷ്യ സുരക്ഷാ രംഗത്ത് കേരളം രാജ്യത്തിന് മാതൃക: മന്ത്രി വീണാ ജോർജ്
ഭക്ഷ്യ സുരക്ഷാ രംഗത്ത് കേരളം രാജ്യത്തിന് മാതൃകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ചടങ്ങിൽ ഓൺലൈനായി അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഏറെ അഭിമാനകരമായ നേട്ടത്തിനാണ് നമ്മൾ സാക്ഷ്യം വഹിക്കുന്നത്. സംസ്ഥാനത്ത് കാക്കനാടും കോഴിക്കോടുമായി രണ്ട് മൈക്രോബയോളജി ഫുഡ് ടെസ്റ്റിംഗ് ലാബുകളാണ് നാടിന് സമർപ്പിക്കപ്പെടുന്നത്. സംസ്ഥാന സർക്കാരിന്റെ വലിയ പരിശ്രമം ഇതിന് പിന്നിലുണ്ട്.
ഭക്ഷ്യ സുരക്ഷാ രംഗത്ത് കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്താണ്. ഈ മേഖലയിൽ കേന്ദ്ര മാനദണ്ഡങ്ങൾ കൃത്യമായാണ് സംസ്ഥാനം പാലിച്ചുവരുന്നത്. അതുകൊണ്ട് തന്നെ പുതിയതായി ലഭിച്ച ലാബ് സൗകര്യം മികച്ച രീതിയിൽ നമുക്ക് പ്രയോജനപെടുത്താൻ കഴിയും. ഇനി ഈ ലാബുകളെ എൻ.എ.ബി.എൽ നിലവാരത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ഭക്ഷ്യസുരക്ഷാരംഗത്ത് വലിയ മുതൽക്കൂട്ട്
ഫുഡ് സേഫ്റ്റി സ്റ്റാഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ. ഐ ) ഭക്ഷ്യപരിശോധന ലാബുകളെ ശാക്തീകരിക്കുന്നത് ലക്ഷ്യമിട്ട് ആരംഭിച്ച സെൻട്രൽ സെക്ടർ സ്കീം പ്രകാരം സംസ്ഥാനത്തെ ഓരോ ഭക്ഷ്യ പരിശോധനാ ലാബുകളുടെയും നവീകരണത്തിനായി 4.5 കോടി രൂപയാണ് അനുവദിച്ചത്. ഇതിനായി എഫ്. എസ്. എസ്.എ. ഐ. രാജ്യത്തുടനീളമുള്ള അഞ്ച് വെണ്ടർമാരുമായി കാരാറുണ്ടാക്കുകയും അതിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏഷ്യൻ സയന്റിഫിക് ഇൻഡസ്ട്രീസ് എന്ന കമ്പനിക്ക് മൈക്രോബയോളജി ലാബുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള അനുമതി നൽകുകയും ചെയ്തു. ലാബുകൾക്ക് അനുവദിച്ച 4.5 കോടി രൂപയിൽ ലാബുകളുടെ ഇൻഫ്രാസ്ട്രക്ചർ, ലാബ് ഉപകരണങ്ങൾ, മൂന്ന് വർഷത്തേക്കുള്ള കരാറടിസ്ഥാനത്തിലുള്ള മാനവ വിഭവശേഷി എന്നിവ ഉൾപ്പെടും.
ലാബിന്റെ പ്രവർത്തനങ്ങൾക്കായി 150 കെ.വി വൈദ്യുതിയുടെ ആവശ്യം പരിഗണിച്ച് ഹൈ ടെൻഷൻ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിന് സംസ്ഥാന സർക്കാർ വാർഷിക പദ്ധതിയിൽ തുക അനുവദിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്.
എഫ്.എസ്.എസ്.എ.ഐ മാനദണ്ഡപ്രകാരം മൈക്രോബയോളജി ടെസ്റ്റിങ്ങിന് സുപ്രധാന പങ്കുണ്ട്. സംസ്ഥാന ഭക്ഷ്യ പരിശോധന ലാബുകളിൽ കെമിക്കൽ വിഭാഗത്തിന് മാത്രമാണ് നിലവിൽ എൻ.എ.ബി.എൽ അംഗീകാരം ലഭ്യമായിട്ടുള്ളത്. പുതിയ ലാബുകൾ പ്രവർത്തനമാരംഭിച്ച് സമയബന്ധിതമായി എൻ.എ.ബി.എൽ അക്രഡിറ്റേഷൻ കൂടി ലഭിക്കുന്നതോടെ ഭക്ഷ്യ വസ്തുക്കളുടെ പരിശോധനയിൽ കേരളത്തിന് ഉയർന്ന നിലവാരത്തിൽ എത്താൻ സാധിക്കും. ദേശീയ ഭക്ഷ്യസുരക്ഷാ സൂചികയിൽ നിലവിൽ ഒന്നാമതായുള്ള കേരള സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിനു ഇത്തരത്തിൽ ദേശീയ നിലവാരമുള്ള മൈക്രോബയോളജി ലബോറട്ടറി മുതൽക്കൂട്ടായി മാറും.
കാക്കനാട് റീജിയണൽ അനലിറ്റിക്കൽ ലബോറട്ടറി കോൺഫറൻസ് ഹാളിൽ പ്രാദേശികമായി സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങിൽ ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയായി. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, വാർഡ് കൗൺസിലർ ഉണ്ണി കാക്കനാട്, എഫ്.എസ്.എസ്.എ.ഐ (കൊച്ചി) ഡെപ്യൂട്ടി ഡയറക്ടർ കെ.എം ധന്യ, ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്റ്റേറ്റ് ഡെപ്യൂട്ടി ഡയറക്ടർ പി.മഞ്ജുദേവി, ഗവൺമെന്റ് അനലിസ്റ്റ് ഡോ.ആർ.ബിനു, ഭക്ഷ്യ സുരക്ഷാ വകുപ്പ് എറണാകുളം ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ജി. രഘുനാഥകുറുപ്പ്, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.