നവകേരള സദസ്സിന്റെ തുടർച്ചയായി വയോജന സൗഹൃദ കേരളം നവകേരള കാഴ്ചപ്പാട് എന്ന ആശയം മുൻനിർത്തി വയോജനങ്ങളുമായും പെൻഷനേഴ്സ് പ്രതിനിധികളുമായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖാമുഖം നാളെ  തിരുവനന്തപുരത്ത് നടക്കും. വ്യത്യസ്ത മേഖലകളിൽ പ്രാവീണ്യം തെളിയിച്ച എല്ലാ ജില്ലകളിൽ നിന്നുമുള്ള പ്രതിനിധികൾ നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടക്കുന്ന മുഖാമുഖത്തിൽ പങ്കെടുക്കും.

സർക്കാർ സർവീസിൽ നിന്നും ഉന്നതസ്ഥാനം വഹിച്ച് വിരമിച്ച ആളുകളെ പെൻഷനേഴ്സ് പ്രതിനിധികളായും പങ്കെടുപ്പിക്കും. വൈകീട്ട് മൂന്നിന് ആരംഭിക്കുന്ന പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രിക്ക് പുറമേ മന്ത്രിമാരായ ഡോ. ആർ. ബിന്ദു, വി. ശിവൻകുട്ടി, ജി.ആർ. അനിൽ, വി.കെ. പ്രശാന്ത് എം.എൽ.എ എന്നിവർ മുഖാമുഖത്തിൽ പങ്കെടുക്കും.

50 പേർക്ക് മുഖ്യമന്ത്രിയോട് നേരിട്ട് ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരമുണ്ടാകും. മറ്റുള്ളവർക്ക് ചോദ്യങ്ങൾ തത്സമയം എഴുതി നൽകാം. വിവിധ ജില്ലകളിൽ നിന്നുള്ള ആയിരത്തോളം പേരെ മുഖ്യമന്ത്രിയുടെ പ്രത്യേക കത്തയച്ചാണ് ക്ഷണിക്കുന്നത്.

ഡോ. ബി. ഇക്ബാൽ, ഇബ്രാഹിം കുട്ടി, ജി. ശങ്കർ, പ്രൊഫ. വി. മധുസൂദനൻ നായർ, വി.എ.എൻ. നമ്പൂതിരി, അമരവിള രാമകൃഷ്ണൻ, ഹനീഫ റാവുത്തർ, എൻ. അലി അബ്ദുളള, ഫാദർ ജോർജ് ജോഷ്വാ, ഡോ. പുനലൂർ സോമരാജൻ, പ്രൊഫ. കെ.എ. സരള, ഡോ. എം.ആർ. രാജഗോപാൽ, ഡോ. ഡി. രാധാദേവി, കെ. രാജൻ, രഘുനാഥൻ നായർ, രാജാറാം തമ്പി എന്നിവർ സംവദിക്കും. ഡോ. അനിഷ്യ ജയദേവ് മോഡറേറ്ററാകും. സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ എച്ച്. ദിനേശൻ, ഒ.സി.ബി മെമ്പർ സെക്രട്ടറി സിനുകുമാർ കെ. എന്നിവർ സംബന്ധിക്കും. സാമൂഹ്യനീതി വകുപ്പ്  അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ കൃതജ്ഞത അർപ്പിക്കും.