പൊതുവിദ്യാഭ്യാസ വകുപ്പ്, എസ്.സി.ഇ.ആര്‍.ടി, സമഗ്ര ശിക്ഷ കേരള എന്നിവയുടെ ആഭിമുഖ്യത്തില്‍ അധ്യാപകര്‍ക്കായി സംഘടിപ്പിച്ച ഉള്‍ച്ചേരല്‍ വിദ്യാഭ്യാസ ജില്ലാതല പരിശീലനം മാനന്തവാടി സ്‌കൗട്ട് ഓഫീസില്‍ നടന്നു. ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുടെ പരിചരണം, വിദ്യാര്‍ത്ഥികളിലെ രോഗലക്ഷണങ്ങൾ തിരിച്ചറിയൽ, ആരോഗ്യ-പഠന മേഖലയിൽ പിന്തുണ നല്‍കൽ എന്നിവയ്ക്ക് അധ്യാപകരെ പ്രാപ്തരാക്കുകയാണ് പദ്ധതി ലക്ഷ്യം. ഉൾച്ചേരൽ പരിശീലനം നേടിയ അധ്യാപകര്‍ പൊതുവിദ്യാലയങ്ങളിലെ എല്‍.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളില്‍ നിന്നുള്ള അധ്യാപകർക്ക് പരിശീലനം നല്‍കും.

മാനന്തവാടി മേഖലാതല പരിശീലനം മാനന്തവാടി സ്‌കൗട്ട് ഓഫീസിലും, ബത്തേരി മേഖലാതല പരിശീലനം സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വജന സ്‌കൂളിലും വൈത്തിരി മേഖലാതല പരിശീലനം ജി.എച്ച്.എസ്.എസ് കണിയാമ്പറ്റയിലും നടക്കും. മാനന്തവാടിയിൽ നടന്ന പരിശീലനം ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ശശീന്ദ്ര വ്യാസ് ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബി.പി.സി കെ.കെ സുരേഷ്, സ്റ്റേറ്റ് റിസോഴ്‌സ് ഗ്രൂപ്പ് അംഗങ്ങളായ ഡോ.ടി മനോജ് കുമാര്‍, എ.വി രജീഷ്, അഞ്ജു, സി സിന്ധു, എല്‍.സി ചാക്കോ, ഡി.പി.ഒ എന്‍.ജെ ജോണ്‍, ബി.ആര്‍.സി പരിശീലകൻ സതീഷ് ബാബു എന്നിവര്‍ സംസാരിച്ചു.