സിഎസ്എംഎൽ സഹകരണത്തോടെ ജിസിഡിഎ നവീകരിച്ച ഗാന്ധിനഗർ ഗാർഡൻ വാക് വേ പാർക്കിന്റെ ഉദ്ഘാടനം കൊച്ചി മേയർ അഡ്വ. എം അനിൽകുമാർ നിർവഹിച്ചു. ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻ പിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ എറണാകുളം എംഎൽഎ ടി. ജെ. വിനോദ് മുഖ്യപ്രഭാഷണം നടത്തി.

ഏകദേശം 708 ച.മീറ്റർ വിസ്തൃതി വരുന്ന ഗാർഡൻ വാക് വേ പാർക്കിൽ ബാഡ്മിന്റൺ കോർട്ട് , കുട്ടികൾക്കായുള്ള കളിസ്ഥലങ്ങൾ ,ഇരിപ്പിടങ്ങൾ, ആംഫി തിയേറ്റർ കൂടാതെ നിലവിലെ ഘടനയിൽ മാറ്റം വരുത്താതെയുള്ള നടപ്പാത, ലാൻഡ്‌സ്‌കേപ്പിങ് എന്നിങ്ങനെയുള്ള കായിക വിനോദ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഉല്ലാസവും മനോഹാരിതയും സമന്വയിപ്പിക്കും വിധമുള്ള ആധുനിക സൗകര്യങ്ങളോടെയാണ് ഗാർഡൻ വാക് വേ പാർക്ക് നവീകരിച്ചിട്ടുള്ളത്. ഗാന്ധിനഗർ, പനമ്പിള്ളി നഗർ എന്നിവിടങ്ങളിലായി 9 പാർക്കുകളുടെ നവീകരണമാണ് 2.87 കോടി രൂപ ചിലവിൽ പൂർത്തീകരിക്കുന്നത്. 28 ലക്ഷം രൂപ ചിലവിലാണ് ഗാർഡൻ വാക് വേ പാർക്കിന്റെ നവീകരണം പൂർത്തീകരിച്ചിട്ടുള്ളത്. 1980 കാലഘട്ടത്തിന്റെ തുടക്കത്തിൽ ജിസിഡിഎ തന്നെ സ്ഥലം ഏറ്റെടുത്തു വികസിപ്പിച്ചെടുത്തതാണ് ഈ പാർക്കുകൾ.

സിഎസ്എംഎൽ സിഇഒ ഷാജി വി നായർ ഐഎഎസ്, ഗാന്ധിനഗർ ഡിവിഷൻ കൗൺസിലർ ബിന്ദു ശിവൻ, ജിസിഡിഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എ ബി സാബു, ജിസിഡിഎ സെക്രട്ടറി രാജേഷ് ടി എൻ, സൂപ്രണ്ടിംഗ് എഞ്ചിനീയർ ശ്രീലത പി ആർ, സീനിയർ ടൗൺ പ്ലാനർ എം എം ഷീബ, റെസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികൾ എന്നിവർ ആശംസകൾ അറിയിച്ച്‌ സംസാരിച്ചു. ബാംഗ്ലൂരു ആസ്ഥാനമായ സോൾ സിറ്റീസ് അർബൻ ഇൻഫ്രാസ്ട്രക്ചർ എന്ന സ്ഥാപനമാണ് പാർക്കുകളുടെ രൂപകല്പന തയ്യാറാക്കിയിട്ടുള്ളത്.