മൂന്നുവർഷം കൊണ്ട് നൂറ് പാലങ്ങൾ നിർമിച്ചു: മന്ത്രി മുഹമ്മദ് റിയാസ്    

മൂന്ന് വർഷം കൊണ്ട് പൊതുമരാമത്ത് വകുപ്പ് സംസ്ഥാനത്ത്  നൂറ് പാലങ്ങൾ  പണികഴിപ്പിച്ചുവെന്ന് പൊതുമരാമത്ത് -ടൂറിസം- യുവജനകാര്യ വകുപ്പ് മന്ത്രി അഡ്വ. പി. എ. മുഹമ്മദ് റിയാസ്. മൂലേക്കടവ് പാലത്തിന്റെ നിർമ്മാണോദ്ഘാടനം ഓൺലൈനായി  നിർവഹിച്ച്  കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഈ സർക്കാർ അധികാരത്തിൽ വന്നശേഷം പാലം നിർമ്മാണ മേഖലയിൽ പുതിയ സംവിധാനങ്ങൾ ആരംഭിച്ചു. പാലം നിർമാണ മേഖലയിൽ സംസ്ഥാന സർക്കർ വലിയ നേട്ടമാണ് കൈവരിച്ചതെന്നും മന്ത്രി പറഞ്ഞു.

ഏനാദി- മൂലേക്കടവിന് സമീപം നടന്ന ചടങ്ങിൽ സി.കെ. ആശ എം.എൽ.എ. അധ്യക്ഷത വഹിച്ചു. തോമസ് ചാഴിക്കാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തി. ചെമ്പ്-മറവൻതുരുത്ത് ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ചു കൊണ്ട് മൂവാറ്റുപുഴയാറിന് കുറുകെ നിർമ്മിക്കുന്ന പാലമാണ് മൂലേക്കടവ് പാലം. പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിച്ചു വരികയാണ്.

പാലത്തിന്റെ നിർമാണത്തിനായി സംസ്ഥാന സർക്കാർ കിഫ്ബിയിലൂടെ 20.10 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. മൂവാറ്റുപുഴയാറിന് കുറുകെ 210 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലും ഏഴ് സ്പാനുകളോടും കൂടിയാണ് പാലത്തിന്റെ നിർമാണം. കെ.ടി മാത്യു ആൻഡ് കമ്പനി ലിമിറ്റഡ് എന്ന കൺസ്ട്രക്ഷൻ സ്ഥാപനമാണ് പാലത്തിന്റെ നിർമാണകരാർ ഏറ്റെടുത്തിരിക്കുന്നത്.

നിലവിൽ കടത്ത് വള്ളത്തെ ആശ്രയിച്ചാണ് ഇവിടെ ഗതാഗതം. പാലം നിർമാണം പൂർത്തിയാകുന്നതോടെ ചെമ്പ്, എനാദി എന്നീ പ്രദേശങ്ങളെ മറവൻതുരുത്ത്, പാലാംകടവ്, ടോൾ, ചുങ്കം, തലയോലപറമ്പ് എന്നീ പ്രദേശങ്ങളുമായി എളുപ്പത്തിൽ ബന്ധിപ്പിക്കാൻ സാധിക്കുന്നതിതോടൊപ്പം ബ്രഹ്‌മമംഗലം, ഏനാദി നിവാസികളുടെ പതിറ്റാണ്ടുകളായുള്ള യാത്രാ ദുരിതത്തിന് അറുതിയാകും.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സുകന്യ സുകുമാരൻ, പി. പ്രീതി, മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് വി.ടി. പ്രതാപൻ, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷരായ ആശാ ബാബു, ലതാ അനിൽ കുമാർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം.കെ. ശീമോൻ, രേഷ്മ പ്രവീൺ, ഗ്രാമപഞ്ചായത്തംഗം സുരേഷ് കുമാർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ജോഷിൻ കെ. മൂലക്കാട്ട്, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ  സാബു പി. മണലോടി, സണ്ണി ഞാറോത്ത്, ഗിരീഷ് തെക്കേച്ചിറ, ബെപ്പിച്ചൻ തുരുത്തിയിൽ, എസ്. ഡി. സുരേഷ് ബാബു, മൂലേക്കടവ് പാലം നിർമ്മാണ കമ്മറ്റി കൺവീനർ കെ. പി. പ്രിയേഷ് തുടങ്ങിയവർ പങ്കെടുത്തു .