നിലവിലെ സർക്കാർ അധികാരത്തിൽവന്നതിനുശേഷം ഇതുവരെ 99,182 മുൻഗണനാ കാർഡുകളും (പിങ്ക്) 3,29,679 എൻ.പി.എൻ.എസ് (വെള്ള) കാർഡുകളും 7616 എൻ.പി.ഐ (ബ്രൗൺ) കാർഡുകളും ഉൾപ്പെടെ ആകെ 4,36,447 പുതിയ റേഷൻ കാർഡുകൾ വിതരണം ചെയ്തതായി ഭക്ഷ്യ വകുപ്പ് മന്ത്രി ജി. ആർ അനിൽ അറിയിച്ചു. ഇതുവരെ 3,78,763 മുൻഗണനാ കാർഡുകളും 42,832 മഞ്ഞ കാർഡുകളും ഉൾപ്പെടെ 4,21,595 മുൻഗണന കാർഡുകൾ തരം മാറ്റി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യമന്ത്രിയുടെ പ്രതിമാസ ഫോണിൻ പരിപാടിക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശരാശരി ഒരു മണിക്കൂർ നീണ്ടു നിൽക്കുന്ന ഫോൺ ഇൻ പ്രോഗ്രാമിൽ ഏകദേശം മുപ്പതോളം പരാതികൾ കേൾക്കുന്നുണ്ട്. ഒരു ഫോൺ ഇൻ പരിപാടിയിൽ വരുന്ന പരാതികൾ അടുത്ത ഫോൺ ഇൻ പരിപാടിക്ക് മുൻപായി പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. റേഷൻകാർഡ്, റേഷൻവിതരണം, ഉപഭോക്തൃകാര്യം, ലീഗൽ മെട്രോളജി എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട എല്ലാ പരാതികളും നേരിട്ട് മന്ത്രിയെ അറിയിക്കാനുള്ള അവസരം പരിപാടിയിലൂടെ പൊതുജനങ്ങൾക്ക് ലഭിക്കും. നിശ്ചിത സമയത്തിനുള്ളിൽ മന്ത്രിയെ ഫോണിൽ കിട്ടാത്തപക്ഷം പരാതി അറിയിക്കുന്നതിനായി 24 മണിക്കൂറും പരാതി പരിഹാരസെല്ലും പ്രവർത്തിക്കുന്നുണ്ട്. അത്തരത്തിൽ പ്രതിദിനം ലഭിക്കുന്ന പരാതികൾക്ക് പരിഹാരം കണ്ടെത്താൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം റേഷൻ കാർഡുമായി ബന്ധപ്പെട്ട് 71,14,769 ഓൺലൈൻ അപേക്ഷകൾ ലഭിച്ചു. 70,93,632 (99.7 ശതമാനം) അപേക്ഷകൾ തീർപ്പാക്കി. കൂടാതെ അതിദരിദ്രരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള 5147 പേർക്ക് പുതിയതായി കാർഡ് നൽകി. അതിൽ 3940 കാർഡുകൾ എ.എ.വൈ ആയി മാറ്റി നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അനർഹർ വച്ചിട്ടുള്ള മുൻഗണനകാർഡുകൾ കണ്ടെത്തുന്നതിന് പൊതുവിതരണ വകുപ്പ് ആരംഭിച്ച ‘ഓപ്പറേഷൻ യെല്ലോ’ പദ്ധതിയുടെ ഭാഗമായി 2021 മേയ് 21 മുതൽ 2023 ഓഗസ്റ്റ് 31 വരെ 2,07,626 റേഷൻകാർഡുകൾ പിടിച്ചെടുക്കുകയും കാർഡ് ഉടമകളിൽ നിന്ന് 5,94,11,434 (5.94 കോടി) പിഴ ഈടാക്കുകയും ചെയ്തു. 2022 ൽ 4,19,19,486 (4.19 കോടി) രൂപയും പിഴ ഈടാക്കി.
ജനുവരി മാസത്തിൽ നടന്ന ഫോൺ ഇൻ പരിപാടിയിൽ 20 പരാതികളാണ് ലഭിച്ചത്. ആറ് പരാതികൾ മുൻഗണനാകാർഡുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. ഇവ പരിഹരിച്ചു. മറ്റു പരാതികൾ റേഷൻ വിതരണം, ലീഗൽ മെട്രോളജി വകുപ്പുമായി ബന്ധപ്പെട്ട് സപ്ലൈകോ സേവനങ്ങളെ സംബന്ധിച്ചുള്ളവയായിരുന്നു. അവ ഓരോന്നും പരിശോധിച്ചു പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.