ജില്ലയില്‍ ഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയുള്ള പ്രത്യേക കേന്ദ്രം നിഷ്, നിപ്മര്‍ മാതൃകയില്‍ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസം സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു പറഞ്ഞു. പൂടംകല്ലില്‍ കള്ളാര്‍ മോഡല്‍ ചൈല്‍ഡ് റീഹാബിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നൂ മന്ത്രി. ഉത്തര മലബാറില്‍ മികവിന്റെ കേന്ദ്രമായ ഒരു ഭിന്നശേഷി പ്രത്യേക കേന്ദ്രം ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഒപ്പന കളിച്ച് സ്വാഗതം പറഞ്ഞ ബഡ്‌സ് സ്‌കൂളിലെ കുട്ടികളെയും അവരെ പരിശീലിപ്പിച്ച അധ്യാപകരെയും മന്ത്രി അഭിനന്ദിച്ചു.

കുടുംബശ്രീ മാതൃകയില്‍ ഭിന്നശേഷിക്കാര്‍ക്ക് സ്വാശ്രയ സംഘങ്ങളുടെ കൂട്ടായ്മ രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ ബൈലോ തയ്യാറായി കഴിഞ്ഞു. സംസ്ഥാനത്ത് ഉടന്‍ ആരംഭിക്കുന്ന കൂട്ടായ്മയിലേക്ക് ബഡ്‌സ് സ്‌കൂളിലെ എല്ലാ ഭിന്നശേഷി കുട്ടികളെയും മന്ത്രി സ്വാഗതം ചെയ്തു.

സംസ്ഥാനത്തുള്ള 8,00,000 ഭിന്നശേഷിക്കാര്‍ക്ക് ഇതൊരു കൈത്താങ്ങായി തീരുമെന്നും അവരുടെ മാനസികവും ബൗദ്ധികവുമായ വികാസത്തിനും ശാക്തീകരണത്തിനും ഉതകുന്ന പദ്ധതിയായിരിക്കും എന്നും മന്ത്രി പറഞ്ഞു. കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ ഭിന്നശേഷിക്കാര്‍ക്ക് പ്രഥമ പരിഗണ തന്നെയാണ് സാമൂഹിക നീതി വകുപ്പ് നല്‍കുന്നത് എന്നും എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമത്തില്‍ ‘സഹജീവനം സ്‌നേഹ ഗ്രാമത്തില്‍’ കൂടുതല്‍ പുനരധിവാസ സൗകര്യങ്ങള്‍ ലഭ്യമാക്കും എന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ ഇ.ചന്ദ്രശേഖരൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എം എക്‌സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ റിപ്പോർട്ട് അവതരിപ്പിച്ചു. രാജമോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയായി. കള്ളാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയാഷാജി, ജില്ലാ പഞ്ചായത്ത് മെമ്പർ ഷിനോജ് ചാക്കോ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.രേഖ, കേരള സാമൂഹ്യ സുരക്ഷാ മിഷൻ പ്രോഗ്രാം കോ-ഓർഡിനേറ്റർ മുഹമ്മദ് ഫൈസൽ തുടങ്ങിയവർ സംസാരിച്ചു. കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ സ്വാഗതവും കള്ളാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജോസ് അബ്രഹാം നന്ദിയും പറഞ്ഞു.