തരിയോട് ഗ്രാമ പഞ്ചായത്ത് ചെന്നലോട് വാർഡിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വയസ്സഴക് 2024 വയോജന സ്നേഹസംഗമം ശ്രദ്ധേയമായി. ചെന്നലോട് വാർഡിലെ 60 മുതൽ 96 വയസ് പ്രായമുള്ളവർക്കായി അഴകേറും ചെന്നലോട് ക്യാമ്പയിനിൻ്റെ ഭാഗമായാണ് വയോജന സ്നേഹസംഗമം സംഘടിപ്പിച്ചത്.

സംഗമത്തോടനുബന്ധിച്ച് വിവിധ സർക്കാർ സേവനങ്ങൾ, ജീവിതശൈലി രോഗ നിർണയ ക്യാമ്പ്, സൗജന്യ നേത്ര പരിശോധന, യോഗ ക്ലാസ്സ്, സാമ്പത്തിക സാക്ഷരത സഹായകേന്ദ്രം, കുടുംബശ്രീ തൊഴിൽമേള, കലാപരിപാടികൾ എന്നിവ നടന്നു. വാർഡ് വികസന സമിതി അംഗങ്ങൾ, കുടുംബശ്രീ, ആരോഗ്യ പ്രവർത്തകർ, ആശാവർക്കർമാർ, ആരോഗ്യ-ശുചിത്വ കമ്മിറ്റി അംഗങ്ങൾ എന്നിവർ വയോജന സംഗമത്തിന് നേതൃത്വം നൽകി.

ചെന്നലോട് സെൻ്റ് സെബാസ്റ്റ്യൻ പാരിഷ് ഹാളിൽ നടന്ന പരിപാടി നീലഗിരി കോളേജ് മാനേജിംഗ് ഡയറക്ടർ റാഷിദ് ഗസാലി ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ഷമീം പാറക്കണ്ടി അധ്യയനായ പരിപാടിയിൽ സാംസ്കാരിക പ്രവർത്തകൻ താജ് മൻസൂർ, മാനസികാരോഗ്യ വിദഗ്ധൻ ജിനേഷ് ജോസഫ്, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റുമാരായ എം. എ ജോസഫ്, സി.ടി ചാക്കോ, എ.കെ മുബഷിർ, എൻ മാത്യു, ടി ഡി ജോയ്, ജോസ് മുട്ടപ്പള്ളി, ടി ഡീ ജോണി, ഹെൽത്ത് സൂപ്പർവൈസർ എം.ബി മുരളി, ജെ.എച്ച്.ഐ ചാർലി, വികസന സമിതി സെക്രട്ടറി കുര്യൻ പായിക്കാട്ട്, എ.ഡി.എസ് പ്രസിഡൻ്റ് ഷീന ഗോപാലൻ എന്നിവർ സംസാരിച്ചു.