പൂക്കൾ നിറഞ്ഞൊരു ഗ്രാമം എന്ന ആശയവുമായി നെന്മേനി ഗ്രാമ പഞ്ചായത്തിൽ നഴ്സറി ഗ്രാമം പദ്ധതി ആരംഭിച്ചു. 22 , 23 വാർഡുകളിലായി മാളിക മുതൽ മാങ്കൊമ്പ് വരെ നാല് കിലോമീറ്ററിനുള്ളിൽ 12 നഴ്സറികളാണ് പദ്ധതിയുടെ ഭാഗമായി ആരംഭിച്ചത്. നേഴ്സറി ഗ്രാമം പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷീല പുഞ്ചവയൽ ഉദ്ഘാടനം ചെയ്തു. പൂച്ചെടികളുടേയും ഫലവൃക്ഷ തൈകളുടേയും ഉൽപ്പാദനം,ബഡ്ഡിംഗ് ഗ്രാഫ്റ്റിംഗ്, പരിപാലനം എന്നിവയിൽ പ്രത്യേക പരിശീലനം നൽകിയ വനിതകളുടെ നേതൃത്വത്തിലാണ് നഴ്സറികളുടെ നടത്തിപ്പ്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ചെറുതും വലുതുമായ നഴ്സറികൾക്ക് ആവശ്യമായ ചെടികൾ മൊത്തവിലയിൽ ഈ നഴ്സറികളിൽ നിന്നും ലഭ്യമാകും.

ഓർഡറുകൾക്കനുസരിച്ച് കരാർ വ്യവസ്ഥയിൽ മറ്റ് നഴ്സറികൾക്ക് ചെടികൾ ഉൽപ്പാദിപ്പിച്ചും നൽകും. ഇതോടെ മലബാറിലെ ഏറ്റവും വലിയ നഴ്സറി വിപണിയായി നെന്മേനി മാറും. വരും വർഷങ്ങളിൽ പദ്ധതികളിൽ അധിക തുക വകയിരുത്തി കൂടുതൽ നഴ്സറികൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റ്റി.ജി ചെറുതോട്ടിൽ, സ്ഥിരം സമിതി അധ്യക്ഷരായ ജയ മുരളി, വി.ടി ബേബി, സുജാത ഹരിദാസ്, പഞ്ചായത്തംഗങ്ങളായ ഷമീർ മാളിക, ബിജു ഇടയനാൽ, കെ.വി ശശി, ഉഷ വേലായുധൻ, ദീപ ബാബു, കൃഷി ഓഫീസർ അനുപമ കൃഷ്ണൻ, കാർഷിക ഗവേഷണ കേന്ദ്രം മുൻ എ.ഡി.ആർ പ്രൊഫ. രാജേന്ദ്രൻ, ജാൻസി ബെന്നി തുടങ്ങിയവർ സംസാരിച്ചു.