ഭൂജല വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും 1.12 കോടി രൂപ ചെലവഴിച്ച് മലപ്പുറം ജില്ലയ്ക്കായി വാങ്ങിയ പുതിയ കുഴൽകിണർ നിർമ്മാണ യൂണിറ്റിന്റെ ഫ്ലാഗ് ഓഫ് ജില്ലാ കളക്ടർ വി.ആർ വിനോദ് നിർവഹിച്ചു. കളക്ടറേറ്റ് പരിസരത്തു നടന്ന ചടങ്ങിൽ സംസ്ഥാന ഭുജല അതോറിറ്റി മെമ്പർ ജെയിംസ് കോശി പങ്കെടുത്തു.

250 പി.എസ്.ഐയും 600 സി.എഫ്.എമ്മും കപ്പാസിറ്റിയുള്ള പുതിയ യൂണിറ്റ് ഉപയോഗിച്ച് 500 അടി വരെ ആഴത്തിലുള്ള കുഴൽ കിണറുകൾ നിർമിക്കാൻ സാധിക്കും. ചെറിയ വാഹനത്തിലുള്ള നിർമാണ യൂണിറ്റായതിനാൽ വീതി കുറഞ്ഞ റോഡുകളിലൂടെ സഞ്ചരിക്കാനും ഉൾപ്രദേശങ്ങളിൽ വരെ എത്തിപ്പെടാനും പ്രവൃത്തികൾ നടത്താനും സാധിക്കും. കുഴൽകിണർ നിർമ്മാണ യൂണിറ്റിന്റെ പ്രവൃത്തി ഉദ്ഘാടനം തുവ്വൂർ ഗ്രാമപഞ്ചായത്തിലെ കുണ്ട്‌ലാംപാടം അങ്കണവാടി കോമ്പൗണ്ടിൽ നടന്നു. ഇവിടെ നിർമിക്കുന്ന കിണറിന്റെ പ്രവൃത്തി ഭൂജല വകുപ്പ് ജില്ലാ ഓഫീസർ എ അനിത നായർ ഉദ്ഘാടനം ചെയ്തു.