പൊന്നാനിയുടെ മുഖച്ഛായ മാറ്റുന്ന പദ്ധതികൾ അഭിമാനകരമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ
പൊന്നാനിയുടെ മുഖച്ഛായ മാറ്റുന്ന വിവിധ പദ്ധതികളാണ് പൊന്നാനി നഗരസഭ മുൻ കൈയെടുത്ത് പ്രദേശത്ത് നടപ്പാക്കുന്നതെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ. പൊന്നാനി നഗരസഭാ ഡയാലിസിസ് സെന്റർ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക സൗകര്യങ്ങളോടെ നിർമിക്കുന്ന ഡയാലിസിസ് സെന്റർ യാഥാർത്ഥ്യമാവുന്നതോടെ കൂടുതൽ രോഗികൾക്ക് ചികിത്സാ സൗകര്യം ലഭ്യമാക്കി രോഗികൾക്ക് ആശ്വാസം പകരാൻ സാധിക്കും.
നൂതന പദ്ധതികളും സൗകര്യങ്ങളും നടപ്പാക്കി കേരളത്തിലെ മികച്ച പട്ടണങ്ങളിൽ ഒന്നായി പൊന്നാനി മാറിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. പൊന്നാനി ഡയാലിസിസ് സെന്റർ ക്യാമ്പസിൽ നടന്ന ചടങ്ങിൽ പി. നന്ദകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ് എ.ഒ എസ്. രഘുവരൻ റിപ്പോർട്ട് അവതരിപ്പിച്ചു.
4.4 കോടി ചെലവിൽ കേന്ദ്ര-സംസ്ഥാന പദ്ധതിയായ പി.എം.ജെ.വി.കെയിൽ ഉൾപ്പെടുത്തിയാണ് നിർമാണം. പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം, വൈസ് ചെയർപേഴ്‌സൺ ബിന്ദു സിദ്ധാർത്ഥൻ, സ്ഥിരം സമിതി അധ്യക്ഷരായ അജീന ജബ്ബാർ, ഒ.ഒ ഷംസു, രജീഷ് ഊപ്പാല, ഷീന സുദേശൻ, ടി. മുഹമ്മദ് ബഷീർ, മുൻ നഗരസഭാ ചെയർമാൻ സി.പി. മുഹമ്മദ് കുഞ്ഞി, നഗരസഭാ കൗൺസിലർമാർ, ഡയാലിസിസ് സെന്റർ കോ ഓർഡിനേറ്റർ മുഹമ്മദ് കുട്ടി മാസ്റ്റർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.