വളാഞ്ചേരി നഗരത്തിലെ ഗതാഗതക്കുരുക്കും അപകട മേഖലയായ വട്ടപ്പാറ വളവും ഒഴിവാക്കി തൃശൂര്‍-കോഴിക്കോട് ദേശീയപാതയെ തമ്മിൽ ബന്ധിപ്പിക്കുന്ന കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസ് പൂർത്തീകരണത്തിന് 18.37 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി. പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് പ്രത്യേകം താത്പര്യമെടുത്താണ് പദ്ധതി പൂർത്തീകരണത്തിനായി ഇടപെടൽ നടത്തിയത്. ഇതോടെ പ്രദേശ വാസികളുടെയും ദീർഘദൂര യാത്രക്കാരുടെയും വർഷങ്ങളുടെ കാത്തിരിപ്പിനാണ് വിരാമമാവുന്നത്.
2012 ല്‍ ആരംഭിച്ച പാതയുടെ പ്രവൃത്തികള്‍ സ്ഥലം ഏറ്റെടുക്കുന്നതിലെ കാലതാമസം കാരണം അനന്തമായി നീളുകയായായിരുന്നു. ഇതോടെ കരാർ ഏറ്റെടുത്ത കമ്പനി പദ്ധതിയിൽ നിന്നും പിന്മാറി. തുടർന്ന് 2019 ൽ സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കിയാണ് പുതിയ കരാർ കമ്പനിക്ക് കൈമാറിയത്. തുടർന്ന് ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുന്നതുൾപ്പടെ സാങ്കേതിക തടസ്സങ്ങളും പദ്ധതിക്ക് വൈകാൻ ഇടയാക്കി. തുടർന്നാണ് വിവിധ ഘട്ടങ്ങളായി ടാറിങ് നടത്താൻ തീരുമാനിച്ചത്.

മൂടാൽ മുതൽ ചുങ്കം വരെയും കഞ്ഞിപ്പുര മുതൽ അമ്പലപ്പറമ്പ് വരെയുമുള്ള ഭാഗങ്ങൾ നിലവിൽ പൂർത്തിയാക്കി ഗതാഗത യോഗ്യമാക്കിയിട്ടുണ്ട്. ചുങ്കം മുതൽ അമ്പലപ്പറമ്പ് വരെയുള്ള ഭാഗം മാത്രമാണ് ഇനി പൂർത്തീകരിക്കാനുളളത്. സ്ഥലം വിട്ടു നൽകിയവർക്കുള്ള നഷ്ട പരിഹാരത്തുക മാത്രമായി 40 കോടിയോളം രൂപയാണ് സർക്കാർ പദ്ധതിക്കായി അനുവദിച്ചത്.
 ഗതാഗതക്കുരുക്കിന് പരിഹാരമാകും: മന്ത്രി മുഹമ്മദ് റിയാസ്
കോട്ടക്കൽ, വളാഞ്ചേരി നിവാസികളുടെ ഏറെ കാലത്തെ ആഗ്രഹമാണ് കഞ്ഞിപ്പുര – മൂടാൽ ബൈപ്പാസ് . ഈ ബൈപ്പാസ് യാഥാർത്ഥ്യമാകുന്നതോടെ പ്രദേശത്തെ ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും അവസാനമാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. നിരവധി പ്രതിസന്ധികൾ തരണം ചെയ്താണ് ബൈപ്പാസ് എന്ന യാഥാർത്ഥ്യത്തിലേക്ക് അടുക്കുന്നത്. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ മന്ത്രിതലത്തിലും ഉദ്യോഗസ്ഥലത്തിലും ഒരുപാട് തവണ യോഗങ്ങൾ നടത്തി. നിരന്തരം ഇടപെട്ടതിന്റെ ഫലമായാണ് ഇപ്പോൾ  പുതുക്കിയ ഭരണാനുമതിക്ക് സർക്കാർ ഉത്തരവ് ആയിരിക്കുന്നത്. ഏറെക്കാലമായുള്ള നാട്ടുകാരുടെ ആഗ്രഹമാണ് സഫലമാകുന്നതെന്നും മന്ത്രി പറഞ്ഞു.