ആദിവാസി സാക്ഷരതാ വിജയികള്‍ക്കും അക്ഷരലക്ഷം സാക്ഷരതാ പരീക്ഷയിലെ വിജയികള്‍ക്കും സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. അക്ഷരലക്ഷം സര്‍ട്ടിഫിക്കറ്റ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തെക്കുംതറയില്‍ 85 വയസുകാരിയായ തങ്കിക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കി സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. നാസര്‍ അദ്ധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ നിര്‍മ്മല റേച്ചല്‍ ജോയ് മുഖ്യപ്രഭാഷണം നടത്തി. സദാനന്ദന്‍ സ്വാഗതവും പ്രേരക് സി.കെ. സരോജിനി നന്ദിയും പറഞ്ഞു.
ജില്ലയില്‍ പരീക്ഷ എഴുതി വിജയിച്ച മുഴുവന്‍ ആളുകള്‍ക്കും പഞ്ചായത്ത് തലത്തിലും വാര്‍ഡ് തലത്തിലും സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അദ്ധ്യക്ഷന്‍മാരും വാര്‍ഡ് തലത്തില്‍ വാര്‍ഡ് അംഗങ്ങളും സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ആദിവാസി സാക്ഷരതാ പദ്ധതിയിലെ വിജയികള്‍ക്ക് കോളനികളില്‍ തന്നെയാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ആദിവാസി സാക്ഷരതാ കോര്‍ഡിനേറ്റര്‍ പി.എന്‍. ബാബു, അസി. കോര്‍ഡിനേറ്റര്‍ സ്വയ നാസര്‍, ജനപ്രതിനിധികള്‍, പ്രേരക്മാര്‍, പഞ്ചായത്ത് കോര്‍ഡിനേറ്റര്‍മാര്‍, ഇന്‍സ്ട്രക്ടര്‍മാര്‍ എന്നിവര്‍ വിവിധ സ്ഥലങ്ങളില്‍ പങ്കെടുത്തു. വിജയികള്‍ക്ക് നാലാം തരം തുല്യതാ ക്ലാസില്‍ തുടര്‍ന്ന് പഠനം നടത്താന്‍ സാധിക്കും.
