സർക്കാർ രംഗത്തെ ഐടി സംരംഭങ്ങൾക്കുള്ള 2024 ലെ ടെക്‌നോളജി ‘സഭ അവാർഡ്’ പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷന് (കൈറ്റ്) ലഭിച്ചു. ലിറ്റിൽ കൈറ്റ്‌സ് ഐ ടി ക്ലബുകളിലൂടെ 2000 സ്‌കൂളുകളിൽ    9000 റോബോട്ടിക് കിറ്റുകളിലൂടെ കൈറ്റ് നടപ്പാക്കുന്ന റോബോട്ടിക്‌സ് / എ ഐ പഠന പദ്ധതിയ്ക്കാണ്  ‘ഐ ഒ ടി ‘ വിഭാഗത്തിൽ സമ്മാനം. കൊൽക്കത്തയിലെ ഒബ്‌റോയ് ഗ്രാന്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ കൈറ്റ് സി.ഇ.ഒ കെ അൻവർ സാദത്ത്  അവാർഡ് ഏറ്റുവാങ്ങി.

ഓപൺ ഹാർഡ്‌വെയർ ഉപയോഗിച്ച് ആദ്യം ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളായ 1.80 ലക്ഷം കുട്ടികൾക്കും തുടർന്ന് 12 ലക്ഷം കുട്ടികൾക്കും ഐഒടി / റോബോട്ടിക്‌സ് / എ ഐ മേഖലയിൽ  പ്രത്യേക പരിശീലനം നൽകുന്ന പദ്ധതിയാണിത്.  അടുത്ത അദ്ധ്യയന വർഷം 12000 റോബോട്ടിക് കിറ്റുകൾ പൊതുവിദ്യാലയങ്ങളിൽ ലഭ്യമാക്കുമെന്ന്  പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചുട്ടുണ്ട്.