കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഖാദി സിൽക്ക് ഫെസ്റ്റിന് തുടക്കമായി. ഫെസ്റ്റിന്റെ ഉദ്ഘാടനം
മേയർ ഡോ. ബീന ഫിലിപ്പ് നിർവഹിച്ചു. ഗ്രാമവ്യവസായ ഓഫീസിന്റെ നിയന്ത്രണത്തിലുള്ള കോഴിക്കോട് ചെറുട്ടി റോഡിൽ പ്രവർത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യയിൽ മാർച്ച്‌ 4 മുതൽ 22 വരെയാണ് ഫെസ്റ്റ് നടക്കുക. ഫെസ്റ്റിൽ പങ്കെടുക്കുന്നവർക്ക് 30 ശതമാനം വരെ ഡിസ്കൗണ്ടും ലഭിക്കും. ആകർഷകങ്ങളായ ഖാദി റീൽഡ് സിൽക്ക്, ജൂട്ട് സിൽക്ക്, സ്പൺ സിൽക്ക്, പ്രിന്റഡ് സിൽക്ക്, പയ്യന്നൂർ പട്ട്, ശ്രീകൃഷ്ണപുരം പട്ട്, ചിതലി പട്ട്, അനന്തപുരി പട്ട്, ടിഎൻആർ ഡ്യൂപയൻ സിൽക്ക് എന്നിവ ഫെസ്റ്റിൽ ലഭ്യമാണ്.

ചടങ്ങിൽ പ്രൊജക്ട് ഓഫീസർ കെ.ഷിബി അധ്യക്ഷത വഹിച്ചു. ആദ്യ വിൽപ്പന ഫെഡറൽ ബാങ്ക് ചെറൂട്ടിറോഡ് ബ്രാഞ്ച് സീനിയർ മാനേജർ പ്രവീൺ കെ പ്രഭാകർ ഏറ്റുവാങ്ങി. വില്ലേജ് ഇന്റസ്ട്രീസ് ഓഫീസർ വിനോദ് കരുമാനി സ്വാ​ഗതവും ജൂനിയർ സൂപ്രണ്ട് ഷൈൻ ഇ ജോസഫ് നന്ദിയും പറഞ്ഞു.